ലഖ്നൗ: നാല് പതിറ്റാണ്ടോളമായി ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രിമാരും മന്ത്രിമാരും ആദായനികുതി നല്‍കുന്നത് പൊതുഖജനാവില്‍ നിന്നെന്ന് റിപ്പോര്‍ട്ട്. 1981-ല്‍ സംസ്ഥാനത്ത് പാസാക്കിയ ഉത്തര്‍പ്രദേശ് മിനിസ്റ്റേഴ്സ് സാലറീസ്, അലവന്‍സസ് ആന്‍ഡ് മിസിലിനിയസ് ആക്ടിന്റെ ആനുകൂല്യത്തിലാണ് പൊതുഖജനാവിലെ പണം മന്ത്രിമാരുടെ ആദായനികുതിക്കായി ചെലവഴിക്കുന്നത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏകദേശം 86 ലക്ഷം രൂപയാണ് മന്ത്രിമാരുടെ നികുതിക്കായി ട്രഷറിയില്‍ നിന്ന് ചിലവഴിച്ചതെന്ന് സംസ്ഥാന ധനമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
വിപി സിങ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് 1981ല്‍ ആയിരുന്നു ഉത്തര്‍പ്രദേശില്‍ ഈ നിയമം പാസാക്കിയത്. അന്നത്തെ മന്ത്രിമാരില്‍ പലരും താഴ്ന്ന ജീവിതസാഹചര്യത്തില്‍ നിന്നുള്ളവരായതിനാല്‍ ആദായനികുതി അവര്‍ക്ക് അധികബാധ്യതയാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പുതിയ നിയമം അവതരിപ്പിച്ചത്. തുടര്‍ന്ന് ഉത്തര്‍പ്രദേശ് നിയമസഭ ഇത് പാസാക്കുകയും ചെയ്തു.
എന്നാല്‍, സാഹചര്യങ്ങള്‍ മാറുകയും പല സര്‍ക്കാരുകള്‍ മാറിമാറി അധികാരത്തിലെത്തുകയും ചെയ്തിട്ടും ആരും ഈ നിയമത്തില്‍ മാറ്റം വരുത്തിയില്ല. എന്‍ഡി തിവാരി, കല്ല്യാണ്‍സിങ്, മുലായം സിങ് യാദവ്, രാജ്നാഥ് സിങ്, മായാവതി, അഖിലേഷ് യാദവ് തുടങ്ങിയ മുഖ്യമന്ത്രിമാരും അവരുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന മന്ത്രിമാരും ഈ ആനുകൂല്യം പറ്റുകയും ചെയ്തു. ചുരുക്കിപ്പറഞ്ഞാല്‍ പൊതുഖജനാവിലെ പണം സ്വന്തം ആദായനികുതി അടയ്ക്കാനായി രാഷ്ട്രീയഭേദമന്യേ എല്ലാ മന്ത്രിമാരും ഉപയോഗിച്ചു.
2016ല്‍ അഖിലേഷ് യാദവ് നിയമത്തില്‍ ചില ഭേദഗതികള്‍ വരുത്തിയെങ്കിലും ആദായനികുതിയുടെ ആനുകൂല്യം ഒഴിവാക്കിയില്ല. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശമ്പള വര്‍ധനവില്‍ മാത്രം ആ ഭേദഗതി ഒതുങ്ങി.
എന്തായാലും, 1981-ലുണ്ടായ നിയമത്തിലെ ഈ ആനുകൂല്യം വലിയ ചര്‍ച്ചയായതോടെ ഇക്കാര്യം പരിശോധിക്കുമെന്ന് മന്ത്രി ശശികാന്ത് ശര്‍മ്മ പ്രതികരിച്ചു. 1981-ല്‍ പാസാക്കിയ നിയമത്തിലെ വ്യവസ്ഥകള്‍ പുന:പരിശോധിക്കുമെന്നും ഇക്കാര്യത്തില്‍ നിയമോപദേശം തേടിയ ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വ്യവസ്ഥകള്‍ ഒഴിവാക്കേണ്ടതാണെന്ന് യുപി മന്ത്രിസഭയിലെ മറ്റൊരു മുതിര്‍ന്ന മന്ത്രി പ്രതികരിച്ചു.