ഫിറോസാബാദ്: ബുര്‍ഖ ധരിച്ച് കോളജിലെത്തിയ വിദ്യാര്‍ഥിനികളെ വടിയെടുത്ത് ഓടിച്ച് പ്രിന്‍സിപ്പാള്‍. ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലെ എസ്ആര്‍കെ കോളജിലാണ് സംഭവം. ബുര്‍ഖ കോളജിന്റെ ഡ്രസ് കോഡിന്റെ ഭാഗമല്ലെന്നും അതിനാല്‍ ഇത് ധരിച്ചെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കില്ലെന്നും എസ്ആര്‍കെ കോളജ് മാനേജ്മെന്റ് അറിയിച്ചു.
ഈയിടെ രണ്ട് വിദ്യാര്‍ത്ഥി ഗ്രൂപ്പുകള്‍ തമ്മിലുള്ള സംഘട്ടനത്തെ തുടര്‍ന്നാണ് ബുര്‍ഖയ്ക്കു നിരോധനം ഏര്‍പ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. വിദ്യാര്‍ഥികള്‍ക്കായി പുതിയ ഡ്രസ് കോഡ് നിശ്ചയിച്ചിട്ടുണ്ടെന്നും കോളജ് അധികൃതര്‍ അറിയിച്ചു.
തിങ്കളാഴ്ച കോളജ് പ്രിന്‍സിപ്പല്‍ ഭാസ്കര്‍ റായ് കൈയില്‍ വടിയെടുത്ത് കോളജിന്റെ പ്രധാന കവാടത്ത് നില്‍ക്കുകയും ബുര്ഖധരിച്ചെത്തിയ വിദ്യാര്‍ഥിനികളെ ഓടിക്കുകയുമായിരുന്നു. ഈസമയം ഒരു പോലീസുകാരന് സമീപത്ത് തന്നെയുണ്ട്.
സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ വന്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. സംഭവം മുസ്ലിം പെണ്‍കുട്ടികളെ അപമാനിക്കുന്നതാണെന്നും ഹിജാബ് ധരിക്കുന്ന പെണ്‍കുട്ടികളെ കോളജില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയും അവരുടെ ഹിജാബ് മാറ്റി ക്ലാസ് മുറികളിലേക്ക് പോവാനും വീടുകളിലേക്ക് മടങ്ങുമ്പോള്‍ വീണ്ടും ഹിജാബ് ധരിക്കാനും ഒരിടം നല്‍കണമെന്നും അഭിപ്രായം ഉയരുന്നുണ്ട്.