നെല്ലൂർ: രാജ്യത്ത് വീണ്ടും ആശങ്കയുണർത്തി ഭീകരാക്രമണ ഭീഷണി. ശ്രീഹരിക്കോട്ട സതീഷ് ധവാൻ ബഹിരാകാശ നിലയത്തിന് നേരെയാണ് ഭീകരാക്രമണ ഭീഷണി ഉയർന്നിരിക്കുന്നത്. ഇതേ തുടർന്ന് പ്രദേശത്ത് കനത്ത ജാഗ്രതാ നിർദേശം നൽകി.
രഹസ്യാന്വേഷണ ഏജൻസികളാണ് ഭീകരാക്രമണ സാധ്യതയെ കുറിച്ച് മുന്നറിയിപ്പ് നൽകിയത്. തുടർന്ന് സുരക്ഷ ശക്തമാക്കുകയായിരുന്നു. തീരദേശ സേന, മറൈൻ പോലീസ്, സിഐഎസ്എഫ് എന്നിവരുടെ നേതൃത്വത്തിൽ കടലിൽ 50 നോട്ടിക്കൽ മൈൽ ദൂരത്തിൽ പരിശോധന നടത്തുകയും കർശന നിരീക്ഷണമേർപ്പെടുത്തുകയും ചെയ്തു. മത്സ്യ ബന്ധന ബോട്ടുകളടക്കം നിരീക്ഷണത്തിലാണ്.
ഇതിനിടെ ശ്രീഹരിക്കോട്ടയ്ക്ക് സമീപമുള്ള വനപ്രദേശത്ത് നിന്ന് സംശയാസ്പദകരമായ സാഹചര്യത്തിൽ കണ്ട രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. വനപ്രദേശങ്ങളിലും പോലീസ് പരിശോധന നടത്തുന്നുണ്ട്. മുൻകരുതലിന്റെ ഭാഗമായി തിരുപ്പതി ക്ഷേത്രത്തിനും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
Discussion about this post