ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയ നിയമഭേദഗതി ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്. തമിഴ്‌നാട് മുസ്ലിം അഭിഭാഷക സംഘടന നല്‍കിയ ഹര്‍ജിയിലാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.
മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയതിനെതിരെ സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ, ജംയത്തുല്‍ ഉലമ – ഹിന്ദ് എന്നീ സംഘടനകള്‍ സമര്‍പ്പിച്ച ഹര്‍ജികളിലും നേരത്തെ കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയതോടെ മുത്തലാഖ് ചൊല്ലപ്പെട്ട സ്ത്രീക്കോ അവരുടെ അടുത്ത ബന്ധുക്കള്‍ക്കോ എഫ്‌ഐആര്‍ ഫയല്‍ ചെയ്യുന്നതിലൂടെ മുത്തലാഖ് ചൊല്ലിയ ആള്‍ക്കെതിരെ കുറ്റം ചുമത്താനാകും. ഇതേ തുടര്‍ന്ന് മുത്തലാഖ് ചൊല്ലിയ ആള്‍ക്ക് മൂന്നുവര്‍ഷത്തെ തടവും പിഴയും ശിക്ഷയായി ലഭിക്കാം. കൂടാതെ മുത്തലാഖിന് ഇരയാവുന്ന സ്ത്രീക്ക് ജീവനാംശവും പുരുഷന്‍ നല്‍കണം. ഈ നിയമത്തെയാണ് ചോദ്യം ചെയ്ത് പല സംഘടനകളും രംഗത്ത് വന്നിരിക്കുന്നത്.