തെലങ്കാന: സെലിബ്രിറ്റികളോട് ആരാധന വെച്ച് പുലര്‍ത്തുന്നവരുണ്ട്. ചിലര്‍ നമ്മുടെ മനസില്‍ വല്ലാതെ ഇടംപിടിക്കും. അവര്‍ നമുക്ക് എന്നും പ്രിയപ്പെട്ടവരാകും. എന്നാല്‍ അമിത ആരാധന വെച്ചു പുലര്‍ത്തുന്നവരും ഉണ്ട്. ചിലപ്പോള്‍ ആ ആരാധന അപകടത്തിലേയ്ക്കും വഴിവെച്ചിട്ടുണ്ട്. താരങ്ങളുടെ കട്ടൗട്ടില്‍ പാലഭിഷേകം നടത്തുന്നത് മുതല്‍ താരാരാധനയുടെ പേരില്‍ എന്തും ചെയ്യാന്‍ മടിയില്ലാത്ത ആരാധകരുമുണ്ട്. ഇപ്പോള്‍ അത്തരത്തിലുള്ളൊരു അമിതാരാധന യുവാവിനെ എത്തിച്ചത് ആത്മഹത്യാ വക്കിലാണ്.
തെലങ്കാനയിലെ ജനകത്തില്‍ കഴിഞ്ഞ ദിവസം നടന്‍ പ്രഭാസിനെ കാണണമെന്നാവശ്യപ്പെട്ട് ആരാധകന്‍ മൊബൈല്‍ ടവറിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. പ്രഭാസിനെ തന്റെ മുമ്പില്‍ എത്തിച്ചില്ലെങ്കില്‍ ടവറിന് മുകളില്‍ നിന്നും ചാടുമെന്നായിരുന്നു ഭീഷണി.
ഇയാള്‍ ടവറിന് മുകളില്‍ നിന്ന് കൊണ്ട് ഭീഷണി മുഴക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്. എന്നാല്‍ പിന്നീട് ഇയാള്‍ക്ക് എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളൊന്നും പുറത്ത് വന്നിട്ടില്ല.