ലണ്ടന്‍: ചൂട് കാപ്പി കണ്ട്രോള്‍ പാനലിലേക്ക് തെറിച്ച് വീണതിനെ തുടര്‍ന്ന് വിമാനത്തിന് അടിയന്തിര ലാന്‍ഡിങ്. ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് മെകിസ്‌കോയിലേക്ക് പറന്ന വിമാനത്തിനാണ് അടിയന്തര ലാന്‍ഡിങ് നടത്തിയത്. വിമാനത്തില്‍ 326 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്.
പൈലറ്റിന് കുടിക്കാന്‍ വെച്ച ചൂടുള്ള കാപ്പിയാണ് കോക്പിറ്റിലെ കണ്ട്രോള്‍ പാനലിലേക്ക് തെറിച്ച് വീണത്. വിമാനം അറ്റ്‌ലാന്റിക് സമുദ്രത്തിന് മീതേകൂടി പറക്കുമ്പോഴായിരുന്നു സംഭവം. ചൂടുള്ള ദ്രാവകം വീണതോടെ കണ്ട്രോള്‍ പാനലില്‍ നിന്ന് പുകയും വൈദ്യുതി ഷോട്ടായതിന്റെ മണവും വരാന്‍ തുടങ്ങി.
ഇതോടെ പൈലറ്റ് വിമാനം അടിയന്തരമായി ലാന്‍ഡിങ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. അയര്‍ലന്‍ഡിലെ ഷന്നോണിലാണ് വിമാനം ലാന്‍ഡ് ചെയ്തത്. സംഭവത്തില്‍ എയര്‍ ആകിസ്ഡന്റ് ഇന്വസ്റ്റിഗേഷന്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അടപ്പ് ഉപയോഗിച്ച് അടച്ചു വെക്കാതെ ട്രേ ടേബിളില്‍ പൈലറ്റ് കപ്പില്‍ കാപ്പി നിറച്ച് വെച്ചതാണ് സംഭവത്തിന് കാരണമായതെന്നാണ് അധികൃതര്‍ പറയുന്നത്.