ന്യൂഡൽഹി: ഐഎൻഎക്‌സ് മീഡിയ കേസിൽ തിഹാർ ജയിലിൽ റിമാൻഡിൽ കഴിയുന്ന മുൻകേന്ദ്രധനകാര്യ മന്ത്രി പി ചിദംബരത്തിന് എല്ലാ തടവുകാർക്കും നൽകുന്ന അതേ ഭക്ഷണം മാത്രമേ നൽകാൻ കഴിയൂ എന്ന് ഡൽഹി ഹൈക്കോടതി. ജാമ്യഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
വീട്ടിൽ പാകം ചെയ്ത ഭക്ഷണം തന്റെ കക്ഷിക്കു നൽകാൻ അനുവദിക്കണമെന്നു ചിദംബരത്തിനു വേണ്ടി ഹാജരായ അഭിഭാഷകൻ കപിൽ സിബൽ ആവശ്യപ്പെട്ടു. എന്നാൽ ‘എല്ലാവർക്കും ഒരേ ഭക്ഷണം ലഭിക്കും’ എന്നാണ് ജസ്റ്റിസ് സുരേഷ് കുമാർ കയ്ത് പ്രതികരിച്ചത്. ചിദംബരത്തിന് 74 വയസ്സുണ്ടെന്ന് കപിൽ സിബൽ പറഞ്ഞു. എന്നാൽ ഐഎൻഎൽഡി നേതാവ് ഓം പ്രകാശ് ചൗട്ടാലയും പ്രായമായ തടവുകാരനാണെന്നും വേർതിരിവു കാട്ടാനാവില്ലെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.
7 വർഷം വരെ തടവ് ലഭിക്കാനുള്ള കേസുകളേ തന്റെ കക്ഷിയുടെ മേലുള്ളൂവെന്നു കപിൽ സിബൽ വാദിച്ചു. ജാമ്യം തേടിയുള്ള പി ചിദംബരത്തിന്റെ ഹർജിയിൽ ഡൽഹി ഹൈക്കോടതി സിബിഐയോട് തൽസ്ഥിതി റിപ്പോർട്ട് ആവശ്യപ്പെട്ടു. ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി നിർദേശം നൽകി.
Discussion about this post