സാമ്പത്തിക രംഗത്തെ കണക്കുകൾ നോക്കേണ്ട; ഐൻസ്റ്റീൻ ഭൂഗുരുത്വാകർഷണം കണ്ടുപിടിച്ചില്ലേ; അടുത്ത അബദ്ധവുമായി കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ

കണക്ക് കൂട്ടിക്കൊണ്ടിരുന്നെങ്കിൽ ഐൻസ്റ്റീൻ ഗുരുത്വാകർഷണം കണ്ടുപിടിക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ന്യൂഡൽഹി: ധനമന്ത്രി നിർമ്മല സീതാരാമൻ യുവാക്കൾ വാഹന വിപണിയുടെ മുരടിപ്പിന് കാരണമെന്ന വാദം ഉയർത്തി ട്രോളുകൾ ഏറ്റുവാങ്ങിയതിനു പിന്നാലെ മണ്ടത്തരം പറഞ്ഞ് സോഷ്യൽമീഡിയയുടെ ട്രോളുകൾ ഏറ്റുവാങ്ങുകയാണ് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. ഗുരുത്വാകർഷണം കണ്ടെത്തിയത് ഐൻസ്റ്റീൻ ആണെന്ന മണ്ടൻ പ്രസ്താവനയാണ് പിയൂഷ് ഗോയൽ നടത്തിയിരിക്കുന്നത്. വാണിജ്യ ബോർഡ് യോഗത്തിനു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. മോഡി സർക്കാരിന്റെ സാമ്പത്തിക രംഗത്തെ പ്രവർത്തനങ്ങൾ പിയൂഷ് ഗോയൽ വിശദീകരിക്കുന്നതിനിടെ സാമ്പത്തിക രംഗം സംബന്ധിച്ച് ടെലിവിഷനിൽ കാണുന്ന കണക്കുകൾ വിശ്വസിക്കരുതെന്നും, കണക്ക് കൂട്ടിക്കൊണ്ടിരുന്നെങ്കിൽ ഐൻസ്റ്റീൻ ഗുരുത്വാകർഷണം കണ്ടുപിടിക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അഞ്ച് ട്രില്യൻ ഡോളറിന്റെ സമ്പദ് വ്യവസ്ഥ ഉണ്ടാകണമെങ്കിൽ രാജ്യത്തിന് 12% വളർച്ചാനിരക്ക് ആവശ്യമാണ്. ഇപ്പോഴുള്ള വളർച്ചാനിരക്ക് ആറ് ശതമാനമാണ് എന്നൊക്കെയുള്ള ടെലിവിഷനുകളിൽ പറയുന്ന കണക്കുകൾ ശ്രദ്ധിക്കേണ്ടതില്ല. അങ്ങനെയുള്ള കണക്കുകളല്ല ഗുരുത്വാകർഷണം കണ്ടെത്താൻ ഐൻസ്റ്റീനെ സഹായിച്ചിട്ടുള്ളത്. കൃത്യമായ സൂത്രവാക്യങ്ങളും മുൻകാല അറിവുകൾക്കും പിന്നാലെ പോയിരുന്നെങ്കിൽ ലോകത്ത് പുതിയ യാതൊരു കണ്ടെത്തലുകളും ഉണ്ടാകുമായിരുന്നില്ല- പിയൂഷ് ഗോയൽ പറഞ്ഞു.

അതേസമയം, ഐസക് ന്യൂട്ടനാണ് ഗുരുത്വാകർഷണ സിദ്ധാന്തം കണ്ടെത്തിയതെന്നതാണ് ശാസ്ത്ര ചരിത്രം പറയുന്നത്. അത്തരമൊരു കണ്ടുപിടിത്തത്തിലേയ്ക്ക് നയിച്ചത് അദ്ദേഹത്തിന്റെ തലയിൽ ആപ്പിൾ വീണതാണെന്നും വിശ്വസിക്കപ്പെടുമ്പോഴാണ് മന്ത്രിയുടെ വക വ്യഖ്യാനം.

ട്രോളുകൾ നേരിടേണ്ടി വന്നതോടെ തന്റെ പ്രസ്താവന സംബന്ധിച്ച് വിശദീകരണവുമായി പിന്നീട് പിയൂഷ് ഗോയൽ രംഗത്തെത്തി. തന്റെ വാക്കുകളിൽ നിന്നും ഒരു വരി മാത്രമെടുത്ത് അനാവശ്യമായ വാർത്തകൾ സൃഷ്ടിക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ വാദം.

Exit mobile version