ബംഗളൂരു: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണക്കേസിൽ അറസ്റ്റ് ചെയ്ത കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറിന്റെ കുടുംബത്തിന് നേരേയും നടപടി എടുക്കുന്നു. ശിവകുമാറിന്റെ മകൾ ഐശ്വര്യയെയും ഇന്ന് ചോദ്യം ചെയ്യും. സിംഗപ്പൂരിലെ ബിനാമി പണമിടപാടുമായി ബന്ധപ്പെട്ടു ചോദ്യംചെയ്യലിന് ഹാജരാകാൻ ചൊവ്വാഴ്ചയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ് നൽകിയത്. സമൻസിനു പിന്നാലെ, ശിവകുമാറിന്റെ സഹോദരൻ ഡികെ സുരേഷ് എംപി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി വിഷയത്തിൽ ചർച്ച നടത്തിയിരുന്നു. ഡൽഹി ഖാൻ മാർക്കറ്റിലെ എൻഫോഴ്സ്മെൻറ് ആസ്ഥാനത്ത് രാവിലെയാണ് ചോദ്യം ചെയ്യൽ.
ശിവകുമാറിന്റെ പണമിടപാടുകൾ പരിശോധിക്കവെ ഐശ്യര്യയുടെ നേതൃത്വത്തിലുള്ള ട്രസ്റ്റുമായി ബന്ധപ്പെട്ട രേഖകൾ ഇഡിക്കു ലഭിച്ചിരുന്നു. ഇതാണ് അന്വേഷണം മകളിലേക്കും എത്തിച്ചത്. കേസിൽ എൻഫോഴ്സ്മെന്റിന്റെ കസ്റ്റഡിയിലാണ് നിലവിൽ ശിവകുമാർ.
അതിനിടെ, ശിവകുമാറിനെ കാണാൻ ബന്ധുക്കൾക്കും അഭിഭാഷകർക്കും കൂടുതൽ സമയം നൽകണമെന്ന ആവശ്യം ഡൽഹി പ്രത്യേക കോടതി തള്ളി. പ്രതിദിനം അനുവദിക്കുന്ന 30 മിനിറ്റ്, ഒരു മണിക്കൂറാക്കണമെന്നായിരുന്നു ആവശ്യം. 13 വരെയാണ് എൻഫോഴ്സ്മെന്റ് കസ്റ്റഡി. അന്നു വീണ്ടും ജാമ്യാപേക്ഷ പരിഗണിക്കും.
Discussion about this post