ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഗാജ ചുഴലിക്കാറ്റ് തമിഴ്‌നാട്ടിലേക്ക്. ഇന്ന് തമിഴ്‌നാട്ടിലെ കൂഡല്ലോരിനും പാമ്പനും ഇടയിലുള്ള കരയില്‍ പതിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.
70 മുതല്‍ 80 കി.മീറ്റര്‍വരെ വേഗത്തില്‍ കാറ്റിനു സാധ്യതയുണ്ട്. ഇതു പരമാവധി 100 കി.മീറ്റര്‍ വരെ വേഗം കൈവരിക്കാം. എന്നാല്‍, സഞ്ചാരത്തിനിടെ ദുര്‍ബലമായി 50 കി.മീറ്റര്‍ വരെ വേഗത്തിലെത്താനും സാധ്യതയുണ്ട്.
പുതുച്ചേരി , കാരക്കല്‍ മേഖലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ന് അടച്ചിടാന്‍ നിര്‍ദ്ദേശം ലഭിച്ചു. ശക്തമായ മഴ ലഭിക്കുന്ന സ്ഥലങ്ങളിലെ ഡാമുകള്‍ 24 മണിക്കൂറിനുള്ളില്‍ നിറഞ്ഞ് കവിയാന്‍ സാധ്യതയുണ്ടെന്ന് സിഡബ്ല്യൂസി മുന്നറിയിപ്പ് നല്‍കി.
ചുഴലിക്കാറ്റിന്റെ ഭാഗമായി വടക്കന്‍ തമിഴ്‌നാട്ടിലെ ചില സ്ഥലങ്ങളില്‍ അതിതീവ്ര മഴയുണ്ടാകും. മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി എടപ്പാടി കെ പളനിസാമിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ചീഫ് സെക്രട്ടറി ഗിരിജ വൈദ്യനാഥന്‍ ജില്ലാ കലക്ടര്‍മാരും റവന്യൂ ഉദ്യോഗസ്ഥരുമായി വിഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തി. ഇവിടുത്തെ നദികഴും ഡാമുകളും നിരീക്ഷത്തിലാണെന്ന് റെവന്യൂ മന്ത്രി ഉദയകുമാര്‍ അറിയിച്ചു.