ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ‘പശു പരാമര്‍ശ’ ത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി തുടരുമ്പോള്‍ പ്രധാനമന്ത്രി സംസാരിക്കുന്നത് പശുവിനെക്കുറിച്ചും ‘ഓം’ മിനെക്കുറിച്ചുമാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.
ഇത്തരം കാര്യങ്ങള്‍ പറഞ്ഞ് രാജ്യത്തിന്റെ യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്നും പ്രധാനമന്ത്രി ശ്രദ്ധ തിരിക്കുകയാണെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു. പ്രധാനമന്ത്രിയുടെ പശു പ്രസ്താവനയ്ക്കെതിരെ എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയും രംഗത്ത് വന്നു.
പശുവിന്റെ പേരിലുള്ള ആക്രമണങ്ങളെ കുറിച്ച് എന്തുകൊണ്ട് പ്രധാനമന്ത്രി മൗനം പാലിക്കുന്നുവെന്നായിരുന്നു എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയുടെ ചോദ്യം.
ദേശീയ മൃഗരോഗ നിയന്ത്രണ പരിപാടിക്ക് മഥുരയില്‍ തുടക്കം കുറിച്ച് സംസാരിക്കവേയായിരുന്നു പശുവിനെ പുകഴ്ത്തി നരേന്ദ്രമോഡി സംസാരിച്ചത്. പശുവെന്നും ഓം എന്നും കേള്‍ക്കുമ്പോള്‍ രാജ്യം പതിനാറാം നൂറ്റാണ്ടിലേക്ക് പോകുന്നെന്ന് ചിലര്‍ നിലവിളിക്കുന്നു. പശുവിനെ സംരക്ഷിക്കുന്നതെങ്ങനെയാണ് പിന്‍വാങ്ങലാകുന്നതെന്നും , ഇത്തരക്കാര്‍ രാജ്യത്തിന്റെ വികസനത്തെയാണ് നശിപ്പിക്കുന്നതെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ കുറ്റപ്പെടുത്തല്‍.
Discussion about this post