പഞ്ചാബിലെത്തി ജാലിയൻവാലാ ബാഗ് മ്യൂസിയത്തിൽ സാഷ്ടാഗം വീണ് മാപ്പ് ചോദിച്ച് കാന്റർബറി ആർച്ച്ബിഷപ്പ്

പടവുകളിൽ സാഷ്ടാഗം വീണ് മാപ്പ് ചോദിച്ച് കാന്റർബറി ആർച്ച്ബിഷപ്പ് ജസ്റ്റിൻ വെൽബി

അമൃത്സർ: പഞ്ചാബിലെ ജാലിയൻവാലാ ബാഗ് ദേശീയ മ്യൂസിയത്തിന്റെ പടവുകളിൽ സാഷ്ടാഗം വീണ് മാപ്പ് ചോദിച്ച് കാന്റർബറി ആർച്ച്ബിഷപ്പ് ജസ്റ്റിൻ വെൽബി. ജാലിയൻവാലാ ബാഗ് കൂട്ടക്കൊലയിൽ ജീവൻ നഷ്ടമായവരെ അനുസ്മരിക്കവെയാണ് നിലത്തുവീണ് അദ്ദേഹം മ്യൂസിയത്തിന്റെ പടിയിൽ മുഖം മുട്ടിച്ച് മാപ്പിരന്നത്.

ബ്രിട്ടനിലെ ആംഗ്ലിക്കൻ സഭാമേലധ്യക്ഷനായ ബിഷപ്പ് ചൊവ്വാഴ്ചയാണ് പഞ്ചാബിലെ ജാലിയൻവാലാ ബാഗിലെത്തിയത്. സന്ദർശന വിവരവും ചിത്രങ്ങളും അദ്ദേഹം ട്വീറ്റ് ചെയ്തു.

”അവരെന്താണ് ചെയ്തതെന്നോർക്കണം. അവരുടെ ഓർമകൾ സജീവമായി നിലനിൽക്കണം. ഇവിടെ നടന്ന കുറ്റകൃത്യത്തെയോർത്ത് ലജ്ജിക്കുന്നു. അതിൽ ഖേദിക്കുന്നു. മതനേതാവെന്ന നിലയിൽ ആ ദുരന്തമോർത്തു ഞാൻ വിലപിക്കുന്നു”- കന്റർബറി ആർച്ച് ബിഷപ്പ് പറഞ്ഞു.

”അമൃത്സറിൽ ജാലിയൻവാലാ ബാഗ് കൂട്ടക്കൊല നടന്നസ്ഥലം ഇന്നു സന്ദർശിച്ചപ്പോൾ എനിക്ക് കഠിനമായ വ്യഥയും എളിമയും അഗാധമായ നാണക്കേടും തോന്നി. ഇവിടെ, ഒട്ടേറെ സിഖുകാരെയും ഹിന്ദുക്കളെയും മുസ്ലിങ്ങളെയും 1919-ൽ ബ്രിട്ടീഷ് പട്ടാളക്കാർ വെടിവെച്ചുകൊന്നു”വെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

ജാലിയൻവാലാ ബാഗ് കൂട്ടക്കൊലയുടെ നൂറാം വാർഷികത്തിൽ അതിനെ അപലപിച്ചും മാപ്പ് ചോദിച്ചും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.

Exit mobile version