ന്യൂഡൽഹി: മറ്റ് സമുദായങ്ങൾക്ക് വഴികാട്ടികളായ ബ്രാഹ്മണർ ജന്മം കൊണ്ട് തന്നെ ആദരവ് നേടുന്നവരാണെന്ന് ലോക്‌സഭാ സ്പീക്കർ ഓം ബിർള. അർപ്പണബോധവും ത്യാഗസന്നദ്ധതയുമാണ് ബ്രാഹ്മണ്യമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. രാജസ്ഥാനിലെ കോട്ടയിൽ നടന്ന അഖില ബ്രാഹ്മണ മഹാസഭയുടെ യോഗത്തിൽ പങ്കെടുത്തതിന് പിന്നാലെ ട്വിറ്ററിൽ പങ്കുവെച്ച ചിത്രങ്ങളോടൊപ്പമാണ് ഓം ബിർള ഇക്കാര്യം കുറിച്ചത്.
ബ്രാഹ്മണ സമുദായം എല്ലായ്പ്പോഴും സമൂഹത്തെ മുന്നിൽ നിന്ന് നയിക്കുന്നവരാണ്. അവർക്ക് സമൂഹത്തിൽ എല്ലായ്പ്പോഴും ഉയർന്ന പദവിയുണ്ട്. അവരുടെ ത്യാഗത്തിനും അർപ്പണബോധത്തിനും ലഭിക്കുന്ന ഫലമാണിതെന്നും ഓം ബിർള തന്റെ ട്വീറ്റിൽ കുറിച്ചു. അതേസമയം, സ്പീക്കറുടെ പരാമർശത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഓം ബിർള സ്പീക്കർ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് ഗുജറാത്ത് എംഎൽഎ ജിഗ്‌നേഷ് മേവാനി രംഗത്തെത്തി.
ഒരു ലോക്സഭാ സ്പീക്കറിൽ നിന്ന് ഇത്തരത്തിലുള്ള പരാമർശങ്ങളൊന്നും ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതായിരുന്നെന്നും അദ്ദേഹം പരസ്യമായി മാപ്പ് പറയണമെന്നും ജിഗ്‌നേഷ് മേവാനി പറഞ്ഞു.