മോഡി സർക്കാരിന്റെ നൂറാം ദിനത്തിൽ നിക്ഷേപകർക്ക് നഷ്ടം 12.5 ലക്ഷം; തിരിച്ചടിച്ചത് കേന്ദ്ര ബജറ്റ്

സർക്കാരിന്റെ നൂറാം ദിനത്തിൽ ഓഹരി വിപണിയിൽ നിക്ഷേപകർക്ക് നഷ്ടമായത് 12.5 ലക്ഷം കോടി രൂപ

ന്യൂഡൽഹി: രണ്ടാം മോഡി സർക്കാർ അധികാരത്തിലേറി 100 ദിവസം പിന്നിടുമ്പോൾ ഓഹരിവിപണിയിൽ നിന്നും ഉയർന്നു കേൾക്കുന്നത് നഷ്ടക്കണക്കുകൾ മാത്രം. സർക്കാരിന്റെ നൂറാം ദിനത്തിൽ ഓഹരി വിപണിയിൽ നിക്ഷേപകർക്ക് നഷ്ടമായത് 12.5 ലക്ഷം കോടി രൂപ. തിങ്കളാഴ്ചയിലെ ക്ലോസിങ് പ്രകാരം ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണിമൂല്യം 1,41,15,316.39 കോടിയായി കുറഞ്ഞു.

മോഡി സർക്കാർ അധികാരമേറ്റ മെയ് 30തിന്റെ തലേദിവസത്തിൽ 1,53,62,936,40 കോടി രൂപയായിരുന്നു വിപണിമൂല്യം. 100 ദിവസംകൊണ്ട് സെൻസെക്സ് 2,357 പോയന്റാണ് ഇടിഞ്ഞത്. അതായത് 5.96ശതമാനം. നിഫ്റ്റിയാകട്ടെ 858 പോയന്റും(7.23ശതമാനം). സാമ്പത്തിക മേഖലയിലെ തളർച്ച, വിദേശ നിക്ഷേപകരുടെ പിന്മാറ്റം, കോർപ്പറേറ്റ് മേഖലയിലെ വരുമാനമിടിവ് തുടങ്ങിയവ വിപണിയെ ബാധിച്ചു.

ഏറ്റവുമധികം തിരിച്ചടിയായത് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച അവരുടെ പ്രഥമ യൂണിയൻ ബജറ്റായിരുന്നു. ബജറ്റിൽ വിദേശ നിക്ഷേപകർക്ക് സൂപ്പർ റിച്ച് ടാക്സ് ഏർപ്പെടുത്തിയത് രാജ്യത്തെ ഓഹരി വിപണിയിൽനിന്ന് കൂട്ടത്തോടെ പാലായനം ചെയ്യാൻ നിക്ഷേപകരെ പ്രേരിപ്പിച്ചു. നാഷണൽ സെക്യൂരീറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡിന്റെ(എൻഎസ്ഡിഎൽ)കണക്കുപ്രകാരം 28,260.50 കോടി രൂപയാണ് വിദേശ നിക്ഷേപകർ ഓഹരി വിപണിയിൽനിന്ന് പിൻവലിച്ചത്. 2018 ബജറ്റിൽ കൊണ്ടുവന്ന മൂലധന നേട്ടത്തിനുള്ള നികുതി, ലാഭവിഹിത വിതരണത്തിനുള്ള നികുതി എന്നിവയും വിപണിയെ തളർത്തിയിരുന്നു. ഇതോടെ നിരവധി മധ്യനിര-ചെറുകിട കമ്പനികളുടെ ഓഹരി വിലയാണ് കൂപ്പുകുത്തിയത്.

ടെക്നോളജി സൂചികമാത്രമാണ് നെഗറ്റീവ് റിട്ടേണിൽനിന്ന് മാറിനിന്നത്. നിഫ്റ്റി പൊതുമേഖല ബാങ്ക് സൂചിക 26 ശതമാനം നഷ്ടത്തിലായി. ബാങ്കുകളുടെ ലയനം സംബന്ധിച്ച പ്രഖ്യാപനമാണ് നഷ്ടം വർധിപ്പിച്ചത്. വാഹന സൂചിക 13.48 ശതമാനം നഷ്ടത്തിലായി. രണ്ട് ദശാബ്ദക്കാലത്തിനിടയിലെ ഏറ്റവും വലിയ നഷ്ടമാണ് ഓട്ടോ മേഖല നേരിട്ടത്.

Exit mobile version