ശ്രീനഗർ: കാശ്മീരിലും ശ്രീനഗറിലും മുഹറം ആഘോഷങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി കേന്ദ്രസർക്കാർ. കാശ്മീർ താഴ്വരയിൽ മുഹറം ഘോഷയാത്ര നിരോധിച്ചതിനൊപ്പം ശ്രീനഗറിൽ കർഫ്യൂ ശക്തമാക്കി. ശ്രീനഗറിലേക്കുള്ള റോഡുകൾ പോലീസ് മുദ്രവെക്കുകയും സുരക്ഷ കർശനമാക്കുകയും ചെയ്തിട്ടുണ്ട്. ഷിയ ആധിപത്യമുള്ള പ്രദേശങ്ങളിലാണ് നിയന്ത്രണങ്ങൾ ശക്തമാക്കിയിട്ടുള്ളത്. സാമൂഹ്യവിരുദ്ധർ നുഴഞ്ഞുകയറി ഘോഷയാത്രകളും മറ്റും മറയാക്കി സൈന്യത്തിനെതിരെ ആക്രമണം നടത്തുന്നത് തടയാനാണിതെന്നാണ് സർക്കാർ വാദം.
മുഹറം ഘോഷയാത്ര അനുവദിക്കില്ലെന്നും എല്ലാ ആചാരങ്ങളും അതാത് പള്ളികളിലോ ആരാധനാലയങ്ങളിലോ നടത്തണമെന്നും നേരത്തെ തന്നെ കാശ്മീർ ഭരണകൂടം ഉത്തരവിട്ടിരുന്നു. സുരക്ഷാ സേനയുമായി ആളുകളെ ഏറ്റുമുട്ടലിന് പ്രേരിപ്പിക്കുന്ന രീതിയിലുള്ള യാതൊരു സാഹചര്യവും ഒരുക്കില്ലെന്നും ഒരു ഘോഷയാത്രയും അനുവദിക്കില്ലെന്നുമാണ് ഉന്നത സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്.
1990 മുതൽ കശ്മീരിൽ മുഹറം ആഘോഷങ്ങൾക്ക് അനുമതിയില്ല. മുഹറം പ്രമാണിച്ച് കരുതൽ തടങ്കലിൽ വെച്ചിട്ടുള്ള ഷിയാ നേതാക്കളെ വിവിധ ഹോട്ടലുകളിൽ നിന്നും വീടുകളിലേക്ക് മാറ്റിയതായും ഭരണകൂടം പറഞ്ഞു.
നേരത്തെ, ജമ്മു കശ്മീരിന് പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനുശേഷമുള്ള സ്ഥിതിഗതികളിൽ കടുത്ത ആശങ്ക അറിയിച്ച് യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
Discussion about this post