ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ജമ്മു കാശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റ് നേതാവ് ഷെഹ്ല റാഷിദിനെ അറസ്റ്റ് ചെയ്യില്ല. ഡല്‍ഹി പട്യാല ഹൗസ് കോടതി ഷെഹ്ലക്ക് ജാമ്യം അനുവദിച്ചു. ഷെഹ്ലയെ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കണമെന്നും കേസില്‍ വിശദമായ അന്വേഷണം നടത്തണമെന്നും അഡിഷണല്‍ സെഷന്‍സ് കോടതി ജഡ്ജി പവന്‍ കുമാര്‍ ജയിന്‍ ഉത്തരവിട്ടു. കാശ്മീര്‍ താഴ്‌വരയില്‍ സൈന്യം ജനങ്ങളെ ദ്രോഹിക്കുന്നു എന്ന ട്വീറ്റിന് പിന്നാലെയാണ് ഷെഹ്ലയ്ക്ക് എതിരെ രാജ്യദ്രേഹക്കുറ്റം ചുമത്തിയത്.
ഷെഹ്ലക്ക് ജാമ്യം അനുവദിച്ച കോടതി കേസ് നവംബര്‍ അഞ്ചിലേക്ക് മാറ്റിവച്ചു. അതുവരെ ഷെഹ്ലയെ അറസ്റ്റ് ചെയ്യരുതെന്നും കോടതി വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥരുടെ ആവശ്യം അനുസരിച്ച ചോദ്യം ചെയ്യലിന് സഹകരിക്കണമെന്ന് കോടതി ഷെഹ്ലയോട് നിര്‍ദേശിച്ചു.
ജമ്മുകാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്ത് കളഞ്ഞതിന് പിന്നാലെ ജമ്മുവില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് ഷെഹ്ല റാഷിദ് ട്വീറ്റ് ചെയ്തിരുന്നു. ഇതാണ് രാജ്യദ്രോഹക്കുറ്റ കേസ് ചുമത്താനുള്ള കാരണം.
ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്‍, 124എ, 153എ, 153, 504, 505 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കാശ്മീരില്‍ ഇന്ത്യന്‍ സൈന്യം വീടുകളില്‍ നിന്നും യുവാക്കളെ പിടിച്ചുകൊണ്ടുപോകുന്നുവെന്നും വീടുകളില്‍ അനധികൃതമായി പരിശോധന നടത്തുന്നുവെന്നും ഇവര്‍ ആരോപിച്ചിരുന്നു.
ബിജെപിയുടെ അജണ്ട നടപ്പാക്കാന്‍ കാശ്മീരില്‍ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നുവെന്നും ഷെഹ്ല ആരോപിച്ചിരുന്നു. ഇന്ത്യന്‍ ആര്‍മി അന്വേഷണക്കമ്മിഷനെ രൂപീകരിച്ചാല്‍ തെളിവു നല്‍കാന്‍ തയ്യാറാണെന്നും ഇവര്‍ പറഞ്ഞിരുന്നു.
Discussion about this post