ന്യൂഡൽഹി: കോൺഗ്രസിന്റെ സംഘടനാ പ്രവർത്തനം ഉടച്ചുവാർക്കുന്നു. ആർഎസ്എസ് മാതൃകയിലുള്ള അടിത്തറ ശക്തമാക്കിയുള്ള സംഘടനാ സംവിധാനത്തിലേക്കാണ് കോൺഗ്രസിനെ ഉടച്ചുവാർക്കുക.
ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ നാണംകെട്ട തോൽവിയോടെയാണ് കോൺഗ്രസിന് വീണ്ടുവിചാരമുണ്ടായിരിക്കുന്നത്. തോൽവിയും തുടർന്നുണ്ടായ സംഘടനാ പ്രശ്നങ്ങളും പാർട്ടിയെ പുനരുജ്ജീവിപ്പിക്കേണ്ട ആവശ്യമുണ്ടെന്ന് നേതൃത്വത്തിന് ബോധ്യപ്പെടുകയായിരുന്നു.
ഈ മാസം മൂന്നിനു ഡൽഹിയിൽ ചേർന്ന ഒരു വർക്ക്ഷോപ്പിലായിരുന്നു ഇക്കാര്യത്തിൽ തീരുമാനമായത്. ആസാം മുൻ മുഖ്യമന്ത്രി തരുൺ ഗോഗോയിയാണ് ഈ ആശയം മുന്നോട്ടുവെച്ചത്. എല്ലാവരും ഈ ആശയത്തെ പിന്തുണയ്ക്കുകയായിരുന്നു. പാർട്ടിയുടെ ആശയവും ചരിത്രവും പ്രവർത്തകരെ കൃത്യമായി ബോധ്യപ്പെടുത്താൻ ഇതുവഴി കഴിയുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ.
പുതിയ സംവിധാനപ്രകാരം ഒരു സംസ്ഥാനത്തെ നാലുമുതൽ അഞ്ചു ജില്ലകളടങ്ങിയ ഒരു ഡിവിഷന്റെ ചുമതല മൂന്നു പ്രേരക്മാർക്കായിരിക്കും. അവരാണ് പിന്നീട് പാർട്ടി പ്രവർത്തകരെ സജ്ജരാക്കുക. അഞ്ചുമുതൽ ഏഴു ദിവസം വരെ പ്രേരക്മാർക്ക് പരിശീലനം നൽകുകയും ചെയ്യും. പ്രവർത്തനം നിരീക്ഷിച്ച ശേഷം മാത്രമേ പ്രേരക്മാരെ തെരഞ്ഞെടുക്കുകയുള്ളൂ. ഒരിക്കൽ പരിശീലനം ലഭിച്ചുകഴിഞ്ഞാൽപ്പിന്നെ പ്രേരക്മാർ എല്ലാ ജില്ലാ പാർട്ടി ഓഫീസുകളിലും ചെന്ന് സംഘാടൻ സംവാദ് നടത്തണം. ദേശീയ, സംസ്ഥാന രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതാണിത്.
സെപ്റ്റംബർ അവസാനത്തോടുകൂടി പ്രേരക്മാരാകാൻ സന്നദ്ധരായവരുടെ പട്ടിക തയ്യാറാക്കാൻ എഐസിസി സംസ്ഥാന നേതൃത്വങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post