‘നാടകം കളിക്കരുത്’ വീല്‍ചെയറിലെത്തിയ ഭിന്നശേഷിക്കാരിയായ യാത്രക്കാരിയോട് കയര്‍ത്ത് ഡല്‍ഹി വിമാനത്താവളത്തിലെ ജീവനക്കാരി

പരിശോധനക്കായി തന്നോട് എഴുന്നേല്‍ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ തനിക്ക് അതിന് സാധിക്കില്ലെന്ന് പറഞ്ഞു.

ന്യൂഡല്‍ഹി: ഭിന്നശേഷിക്കാരിയായ യാത്രക്കാരിക്ക് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജീവനക്കാരിയില്‍ നിന്ന് മോശം പെരുമാറ്റം. തിങ്കളാഴ്ച വൈകുന്നേരം ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് പോകാനെത്തിയപ്പോഴായിരുന്നു വിരാലി മോഡി എന്ന യുവതിക്ക് ദുരനുഭവം നേരിടേണ്ടി വന്നത്.

ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ക്കായി യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകയാണ് വിരാലി. പരിശോധന കൗണ്ടറില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥയാണ് തന്നോട് മോശമായി പെരുമാറിയതെന്ന് വിരാലി ട്വിറ്ററില്‍ കുറിക്കുകയായിരുന്നു. പരിശോധനക്കായി തന്നോട് എഴുന്നേല്‍ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ തനിക്ക് അതിന് സാധിക്കില്ലെന്ന് പറഞ്ഞു.

എന്നാല്‍, നാടകം കളിയ്ക്കരുതെന്ന് പറഞ്ഞ് ഉദ്യോഗസ്ഥ തട്ടിക്കയറുകയും ചെയ്തുവെന്നും മേലുദ്യോഗസ്ഥനോട് പരാതിപ്പെടുകയും ചെയ്തുവെന്നും വിരാലി കുറിച്ചു. രേഖകള്‍ കാണിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ ശ്രദ്ധ കൊടുത്തില്ലെന്നും വിരാലി കൂട്ടിച്ചേര്‍ത്തു. ശേഷം മറ്റൊരു ഉദ്യോഗസ്ഥയെത്തിയാണ് തന്നെ പരിശോധിച്ച് പോകാന്‍ അനുവദിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ എഐഎസ്എഫ് തന്നോട് ഖേദം പ്രകടിപ്പിച്ചതായും വിരാലി തുറന്ന് പറഞ്ഞു.

Exit mobile version