വിദ്യാര്‍ഥികളുടെ ബുദ്ധിമുട്ട് അധികാരികളെ അറിയിക്കാന്‍, അപകടകരമായ പുഴ മുറിച്ചുകടക്കുന്ന വിദ്യാര്‍ഥികളുടെ വീഡിയോ ചിത്രീകരിച്ചു: പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്തു

അഹമ്മദാബാദ്: അപകടകരമായ പുഴ സാഹസികമായി മുറിച്ചുകടന്ന് വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലേക്ക് വരുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ച സ്‌കൂള്‍ പ്രിന്‍സിപ്പലിനെതിരെ നടപടി. ഗുജറാത്തിലെ സബര്‍കാന്ത ജില്ലയിലെ ബഹാഡിയ പ്രൈമറി സ്‌കൂള്‍ പ്രിന്‍സിപ്പലിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

സ്‌കൂളിലേക്ക് വരാന്‍ മറ്റൊരു വഴി ഉണ്ടെന്നിരിക്കെയാണ് അപകടകരമായ കുത്തൊഴുക്കുള്ള പുഴ മറികടക്കാന്‍ പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിച്ചത്. പുഴ മറികടന്ന് സ്‌കൂളിലെത്തുന്ന വിദ്യാര്‍ഥികളുടെ ബുദ്ധിമുട്ട് അധികൃതരെ അറിയിക്കുന്നതിനാണ് കുട്ടികളെ ഉപയോഗിച്ച് വീഡിയോ ചിത്രീകരിച്ചത്.

കുട്ടികള്‍ പുഴ മറികടക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് അധികൃതര്‍ വിഷയത്തില്‍ ഇടപെട്ടത്. അമ്പതോളം വിദ്യാര്‍ഥികള്‍ പുഴ മറികടക്കുന്നതായാണ് വീഡിയോയിലുള്ളത്. സംഭവത്തെക്കുറിച്ചുള്ള ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പലിനെതിരെ നടപടിയെടുത്തത്.

Exit mobile version