ബംഗളൂരു: ചാന്ദ്രയാൻ-2 ദൗത്യത്തിലെ പ്രധാനഘട്ടം വേണ്ടവിധം വിജയിക്കാനായില്ലെന്ന നിരാശ വേണ്ടെന്ന് ചന്ദ്രയാൻ 1 പ്രൊജക്ട് ഡയറക്ടർ ഡോ മൈലസ്വാമി അണ്ണാദുരൈ. വിക്രം ലാൻഡറുമായി ബന്ധം പുനസ്ഥാപിക്കപ്പെടാനുള്ള സാധ്യതകൾ അവസാനിച്ചിട്ടില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. വിക്രമിന്റെ ചന്ദ്രോപരിതലത്തിലെ സ്ഥാനം കണ്ടെത്താനായത് നിർണ്ണായകമാണെന്നും മുതിർന്ന ശാസ്ത്രജ്ഞൻ വ്യക്തമാക്കി. യുആർ റാവു സാറ്റലൈറ്റ് സെന്റർ മുൻ മേധാവി കൂടിയാണ് എം അണ്ണാദുരൈ.
വിക്രം ലാൻഡറുമായുള്ള ബന്ധം നഷ്ടപ്പെടാൻ കാരണം അവസാനഘട്ടത്തിൽ താഴേക്ക് ഇറങ്ങുന്ന സമയത്ത് കാണിച്ച അസ്വാഭാവിക വേഗതയാണെന്ന് അദ്ദേഹം പറയുന്നു. ഇത്രയും വേഗത്തിലായിരുന്നില്ല വിക്രം താഴേക്ക് വരേണ്ടിയിരുന്നത്. നിലവിൽ സിഗ്നൽ നഷ്ടമായിരിക്കുകയാണെങ്കിലും ലാൻഡറുമായി ബന്ധം പുനഃസ്ഥാപിക്കപ്പെടാൻ സാധ്യതയുണ്ട്. ചിലപ്പോൾ ചന്ദ്രോപരിതലത്തിലെ ഏതെങ്കിലും വസ്തുക്കൾ വിക്രം ലാൻഡറിലെ സിഗ്നലുകളെ തടസപ്പെടുത്തുന്നതാകാം എന്നും അദ്ദേഹം കൂട്ടിച്ചേർച്ചു. ഓർബിറ്റർ ഇപ്പോഴും പ്രവർത്തനക്ഷമമാണ്. ലാൻഡറിന്റെ നാലു കാലുകൾക്ക് സാധാരണ വേഗതയിൽ കൂടുതൽ താങ്ങുവാൻ കഴിയില്ല. വേഗത ഏറെ കൂടുതലായിരുന്നെങ്കിൽ അതിജീവിച്ചിരിക്കാൻ സാധ്യതയില്ലെന്നും അദ്ദേഹം പറയുന്നു.
വിക്രം ലാൻഡറിനെ ഇന്നലെ ഓർബിറ്റർ കണ്ടെത്തുമ്പോൾ ചെരിഞ്ഞാണ് കിടന്നിരുന്നത്. ഇത് ചിലപ്പോൾ ഹാർഡ് ലാൻഡിങിനിടെ സംഭവിച്ചതായിരിക്കാനാണ് സാധ്യത.
വിക്രമുമായി ബന്ധപ്പെടാൻ പല സാധ്യതകളും ഇനിയുമുണ്ട്. ഈ സാധ്യതകളും സാഹചര്യങ്ങളും മുന്നിൽ കണ്ടാണ് വിക്രം ഡിസൈൻ ചെയ്യപ്പെട്ടിട്ടുള്ളത്. ലാൻഡറിന് ഓർബിറ്ററുമായി നേരിട്ട് ബന്ധപ്പെടാനുള്ള കഴിവുണ്ട്. ഏതെങ്കിലും ഗർത്തത്തിൽ വീണാൽ പോലും തിരിച്ച് സിഗ്നലുകൾ ലഭിക്കണമെന്ന് കരുതിയാണ് വിക്രം ഡിസൈൻ ചെയ്യപ്പെട്ടിട്ടുള്ളത്. വിക്രം ഏതെങ്കിലും ഗർത്തത്തിൽ വീണിരിക്കാൻ സാധ്യതയുണ്ട്. ചെറിയ ഗർത്തങ്ങളിലാണ് വിക്രം വീണിട്ടുള്ളതെങ്കിൽ സിഗ്നലുകൾ ലഭിക്കും. എന്തായാലും ഇനിയുള്ള സമയം ഏറെ നിർണ്ണായകമാണ്.
ഓർബിറ്ററിന് അഞ്ച് മുതൽ പത്ത് മിനുട്ട് വരെ മാത്രമേ ഒരു സമയത്ത് വിക്രമുമായി ബന്ധപ്പെടാനാകൂവെന്നും ഡോ. അണ്ണാദുരൈ പറഞ്ഞു. പരാജയങ്ങൾ ഇസ്രോയ്ക്ക് പുതുമയല്ലെന്നും പരാജയങ്ങളിൽ നിന്നാണ് എസ്എൽഎവിയും, പിഎസ്എൽവിയും, ജിഎസ്എൽവിയുമെല്ലാം ഇന്നത്തെ നിലയിലെത്തിയിരിക്കുന്നതെന്നും ഡോ. അണ്ണാദുരൈ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Discussion about this post