ഭുവനേശ്വര്‍: ഒഡിഷയില്‍ നിന്ന് വാണിജ്യ വിമാനങ്ങള്‍ പറത്താനുള്ള യോഗ്യത നേടി ആദിവാസി യുവതിയായ അനുപ്രിയ മധമുമിത ലക്ര. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന മാല്‍ക്കന്‍ഗിരിയില്‍ നിന്നുള്ള 27-കാരിയായ അനുപ്രിയ ഈ മാസം അവസാനത്തോടെ ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ കോ-പൈലറ്റായി ചുമതലയേല്‍ക്കും.
മകളുടെ വിജയത്തിന്റെ തിളക്കത്തില്‍ അഭിമാനിക്കുന്നുവെന്ന് കുടുംബം പ്രതികരിച്ചു. തങ്ങളുടെ കുടുംബത്തിനു മാത്രമല്ല, സംസ്ഥാനത്തിനു മുഴുവന്‍ അനുപ്രിയ അഭിമാനമാണെന്ന് പിതാവും പോലീസ് കോണ്‍സ്റ്റബിളുമായ മിരിനിയാസ് ലര്‍ക്കയും മാതാവ് ജിമാജ് യാഷ്മിന്‍ ലക്രയും പറയുന്നു. എല്ലാ പെണ്‍കുട്ടികള്‍ക്കും മകള്‍ ഒരു പ്രചോദനമാകണമെന്നായിരുന്നു ആഗ്രഹമെന്ന് ജിമാജ് പറഞ്ഞു. ‘അവള് എന്താണോ സ്വപ്നം കണ്ടത്, അത് അവളായി. എല്ലാ മാതാപിതാക്കളോടും അവരുടെ പെണ്മക്കളെ പിന്തുണയ്ക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുകയാണ്.’- അവര്‍ കൂട്ടിച്ചേര്‍ത്തു.
മാല്‍ക്കന്‍ഗിരിയില്‍ തന്നെയായിരുന്നു അനുപ്രിയയുടെ പ്രാഥമിക വിദ്യാഭ്യാസം. 2012-ല്‍ ഭുവനേശ്വറിലെ എന്‍ജിനീയറിങ് കോളേജ് വിദ്യാഭ്യാസ കാലത്തിനിടയ്ക്കാണ് പൈലറ്റാകാനുള്ള ആഗ്രഹത്തിലേക്ക് അനുപ്രിയ എത്തിയത്. തുടര്‍ന്ന് എന്‍ജിനീയറിങ് പഠനം ഉപേക്ഷിച്ച് ഭുവനേശ്വറിലെ സര്‍ക്കാര്‍ എവിയേഷന്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠനത്തിനു കയറി. ഏഴുവര്‍ഷത്തോളം അമ്മാവന്റെ സഹായം കൊണ്ടും വിദ്യാഭ്യാസ വായ്പ കൊണ്ടും മറ്റുമാണ് അനുപ്രിയ ഈ നേട്ടം കൈവരിച്ചത്.
Discussion about this post