ന്യൂഡല്‍ഹി: ബിരുദദാന ചടങ്ങില്‍ കേന്ദ്ര മാനവവിഭവ വികസന വകുപ്പ് മന്ത്രി രമേഷ് പൊക്രിയാലിനെ പങ്കെടുപ്പിക്കേണ്ടതില്ലെന്ന് ഐഐടി വിദ്യാര്‍ത്ഥികള്‍. വിഡ്ഢിത്തം വിളമ്പുന്ന മന്ത്രിയെ വേണ്ടെന്നാണ് ഇവരുടെ പക്ഷം. മുംബൈ ഐഐടിയിലെ വിദ്യാര്‍ത്ഥികളുടേതാണ് തീരുമാനം.
ശാസ്ത്രീയമായ വീക്ഷണങ്ങളും ധാര്‍മ്മിക മൂല്യങ്ങളും ഉള്‍ക്കൊള്ളുന്ന മഹത് വ്യക്തിയാകണം ബിരുദദാന ചടങ്ങുകളില്‍ മുഖ്യ അതിഥിയായി എത്തേണ്ടതെന്ന് വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെട്ടു. പലപ്പോഴും ശാസ്ത്രീയമായ വിഷയങ്ങളേയും കണ്ടുപിടിത്തങ്ങളേയും നിസാരവല്‍ക്കരിച്ച് ഹിന്ദു പുരാണങ്ങളിലെ അമൂര്‍ത്തമായ കാര്യങ്ങളെ സമൂര്ത്തമെന്ന് വരുത്തിതീര്‍ക്കാന്‍ മന്ത്രി എന്നും ശ്രമിച്ചിരുന്നു.
മന്ത്രിയുടെ ഇത്തരത്തിലുള്ള അഭിപ്രായങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഏറെ ആക്ഷേപഹാസ്യ വിഷയങ്ങളായി. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയെ ബിരുദദാന ചടങ്ങില്‍ പങ്കെടുപ്പിക്കേണ്ട എന്ന തീരുമാനത്തില്‍ വിദ്യാര്‍ത്ഥികള്‍ എത്തിയത്.