ലഖ്‌നൗ: മൊബൈല്‍ ഫോണിന്റെ കടന്നുവരവ് ഏറെ സ്വാധീനിച്ചത് കുട്ടികളെയാണ്. മൊബൈല്‍ ഫോണിന് അടിമയായ മൂന്നുവയസ്സുള്ള കുഞ്ഞിന്റെ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കേവലം മൂന്ന് വയസുമാത്രമുള്ള കുഞ്ഞിനെ മൊബൈല്‍ ഫോണിന്റെ അടിമത്തം മാറ്റാന്‍ കൗണ്‍സിലിങിന് വിധേയനാക്കിയതായാണ് വാര്‍ത്ത.
ഉത്തര്‍പ്രദേശിലെ ബെറേലിയിലാണ് സംഭവം. കുഞ്ഞ് സ്ഥിരമായി കിടക്കയില്‍ മൂത്രമൊഴിക്കുന്നതിന് കാരണം തേടിയെത്തിയപ്പോഴാണ് ഡോക്ടര്‍ ഞെട്ടിക്കുന്ന ആ സത്യാവസ്ഥ തുറന്നു പറഞ്ഞത്. എട്ടും ഒമ്പതും മണിക്കൂര്‍ തുടര്‍ച്ചയായി ഫോണ്‍ ഉപയോഗിക്കുന്നതാണ് മൂന്നുവയസുകാരന്റെ രോഗകാരണമെന്ന് ഡോക്ടര്‍ പറഞ്ഞു.
കാര്‍ട്ടൂണുകളായ ഡൊറേമോനും മോട്ടുപട്ടലുവും കണ്ടിരിക്കുന്ന കുട്ടി മൂത്രമൊഴിക്കാന്‍ പോലും എഴുന്നേല്‍ക്കാറില്ല. മൊബൈല്‍ കണ്ടുകൊണ്ടാണ് എന്നും ഭക്ഷണം കഴിക്കുന്നത് പോലും. കുട്ടി പെട്ടെന്ന് ഭക്ഷണം കഴിക്കാനും ജോലി ചെയ്യുമ്പോള്‍ ശല്യം ചെയ്യാതിരിക്കാനും മാതാപിതാക്കള്‍ തന്നെയാണ് ഫോണ്‍ കുട്ടിക്ക് കൊടുത്തത്. പിന്നീട് കുഞ്ഞിന് മൊബൈല്‍ ഒരു ലഹരിയായി മാറി.
ഇതിനിടെയാണ് കുഞ്ഞ് സ്ഥിരമായി കിടക്കയില്‍ മൂത്രമൊഴിക്കുന്ന കാര്യം മാതാപിതാക്കള്‍ ഗൗരവമായി എടുത്തത്. തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു. കൗണ്‍സിലിങ്ങിന് എത്തിയപ്പോഴും മാതാപിതാക്കള്‍ ഫോണ്‍ നല്‍കുന്നത് വരെ കുട്ടി വാശി തുടര്‍ന്നുവെന്ന് സൈക്കോളജിസ്റ്റ് പറയുന്നു.ഏറെ ഗൗരവത്തോടെ സമീപിക്കേണ്ട വിഷയമാണിതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ബെറേലി ജില്ലാ ആശുപത്രിയില്‍ സമാനമായ 39 കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Discussion about this post