അജ്മാന്‍: ചെക്ക് കേസ് തള്ളിയ സംഭവം നീതിയുടെ വിജയമെന്ന് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായി എംഎ യൂസഫലിക്കും നന്ദി പറയുന്നുവെന്നും തുഷാര്‍ പറഞ്ഞു. തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ള നല്‍കിയ കേസാണ് അജ്മാന്‍ കോടതി തള്ളിയത്. രേഖകള്‍ വിശ്വാസയോഗ്യമല്ലെന്ന് വിലയിരുത്തിയാണ് കേസ് തള്ളിയത്. ഇതോടെ കേസിനായി പിടിച്ചെടുത്ത തുഷാറിന്റെ പാസ്പോര്‍ട്ട് തിരിച്ചു നല്‍കി.
നേരത്തേ നാട്ടിലേക്ക് തുഷാര്‍ പോകുന്നത് തടയാന്‍ നാസില്‍ നല്‍കിയ സിവില്‍ കേസും കോടതി തള്ളിയിരുന്നു. വണ്ടിച്ചെക്ക് നല്‍കിയെന്ന ബിസിനസ് പങ്കാളിയായിരുന്ന നാസില്‍ അബ്ദുല്ലയുടെ പരാതിയിലാണ് തുഷാറിനെ അറസ്റ്റ് ചെയ്തത്. പത്ത് മില്യണ്‍ യുഎഇ ദിര്‍ഹത്തിന്റെ വണ്ടിച്ചെക്ക് നല്‍കിയെന്നായിരുന്നു പരാതി.
ഓഗസ്റ്റ് 21- രാത്രി അജ്മാനിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചാണ് തുഷാര്‍ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്തത്. പത്തുവര്‍ഷം മുമ്പ് അജ്മാനില്‍ ബോയിംഗ് എന്ന പേരില്‍ നിര്‍മ്മാണ കമ്പനി നടത്തിയിരുന്ന കാലത്ത് ഉപകരാര്‍ ജോലികള്‍ ഏല്‍പിച്ച തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയ്ക്ക് വണ്ടിച്ചെക്ക് നല്‍കിയെന്നായിരുന്നു ആരോപണം.
പത്തൊമ്പതര കോടി രൂപയുടേതാണ് ചെക്ക്. പലതവണ കാശ് കൊടുത്തുതീര്‍ക്കാമെന്നേറ്റെങ്കിലും ബിസിനസ് തകര്‍ന്ന് നാട്ടിലേക്ക് കടന്നതോടെ സ്വാധീനം ഉപയോഗിച്ച് തുഷാര്‍ വെള്ളാപ്പള്ളി ഒഴിഞ്ഞു മാറുകയായിരുന്നുവെന്നും നാസില്‍ അബ്ദുള്ള ആരോപിച്ചിരുന്നു.
ഒടുവില്‍ ഒത്തുതീര്‍പ്പിനു തയ്യാറാണെന്ന് അറിയിച്ച് മധ്യസ്ഥത ചര്‍ച്ചക്കായി തുഷാറിനെ നാസില്‍ ഗള്‍ഫിലേക്ക് ക്ഷണിച്ചു. ചര്‍ച്ചക്കായി അജ്മാനിലെത്തിയ തുഷാറിനെ താമസസ്ഥലത്ത് വച്ച് നാസിലിന്റെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Discussion about this post