മധ്യപ്രദേശ് കോൺഗ്രസിലെ തമ്മിൽ തല്ലിന് പരിഹാരം കാണാൻ എകെ ആന്റണിയെ ചുമതലപ്പെടുത്തി സോണിയ ഗാന്ധി

മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥുമായി നടത്തിയ ചർച്ചക്ക് ശേഷമായിരുന്നു സോണിയയുടെ തീരുമാനം.

ന്യൂഡൽഹി: തർക്കം രൂക്ഷമായ മധ്യപ്രദേശ് കോൺഗ്രസിനെ നല്ലവഴിക്ക് നടത്താൻ എകെആന്റണിയുടെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിച്ച് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി. മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥുമായി നടത്തിയ ചർച്ചക്ക് ശേഷമായിരുന്നു സോണിയയുടെ തീരുമാനം. മധ്യപ്രദേശിലെ രാഷ്ട്രീയ സ്ഥിതിഗതികൾ ചർച്ചയിൽ വിഷയമായി.

സംസ്ഥാനത്തെ പ്രശ്നങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച സോണിയ ഗാന്ധി പ്രശ്നം എകെ ആന്റണിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് അച്ചടക്ക സമിതിക്ക് കൈമാറിയതായി കമൽനാഥാണ് അറിയിച്ചത്. സംസ്ഥാനത്തെ ചില നേതാക്കളുടെ പ്രസ്താവനകൾ സംബന്ധിച്ച് മധ്യപ്രദേശിന്റെ ചുമതലയുള്ള ദീപക് ബാബ്റിയ സോണിയ ഗാന്ധിക്ക് കഴിഞ്ഞ ദിവസം റിപ്പോർട്ട് സമർപ്പിച്ചിരുന്നു. മുൻ മുഖ്യമന്ത്രി ദിഗ് വിജയ് സിങിനെതിരെ ചില മന്ത്രിമാർ പരാതികളുന്നയിച്ചതായി റിപ്പോർട്ടിലുണ്ടായിരുന്നു.

ജ്യോതിരാദിത്യ സിന്ധ്യക്ക് സംസ്ഥാന അധ്യക്ഷപദവി നൽകണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ പരസ്യമായി രംഗത്തെത്തിയതോടെയാണ് മധ്യപ്രദേശിൽ ആഭ്യന്തര തർക്കം ഉടലെടുത്തത്. സിന്ധ്യയെ പിന്തുണച്ച് കൊണ്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകളും ഫ്ളക്സുകളും പ്രത്യക്ഷപ്പെടുകയും ചെയ്തു. കമൽനാഥ് മന്ത്രിസഭയിലെ ചില അംഗങ്ങളും സിന്ധ്യക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. സിന്ധ്യ ബിജെപിയിലേക്ക് ചേക്കേറിയേക്കാമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതോടെയാണ് സോണിയ ഗാന്ധിയുടെ അടിയന്തര ഇടപെടൽ.

Exit mobile version