അഹമ്മദാബാദ്: അന്ന് ഗുജറാത്തിൽ നിന്നും പുറത്തുവന്ന ചിത്രത്തിലെ രണ്ട് മുഖങ്ങളായിരുന്നു കുത്തബുദ്ധീൻ അൻസാരിയുടേയും അശോക് പാർമറിന്റേയും. രണ്ട് മുഖങ്ങളിലും തെളിഞ്ഞത് ഏറ്റവും തീവ്രമായ രണ്ട് വികാരങ്ങളും. അശോകിന്റെ മുഖത്ത് ക്രൂരമായ സംഹാരത്തിന്റെ ഭാവമായിരുന്നെങ്കിൽ അൻസാരിയുടേത് യാചനയുടേതായിരുന്നു. ഗുജറാത്ത് കലാപക്കാലത്ത് പുറംലോകത്തെത്തിയ ഈ ചിത്രമാണ് അന്നവിടെ നടമാടിയ നരഹത്യയുടെ തീവ്രത അറിയിച്ചത്.
എന്നാൽ, അത് കഴിഞ്ഞുപോയ, മറക്കാനാഗ്രഹിക്കുന്ന ഭൂതകാലം മാത്രമാണെന്ന് തെളിയിച്ച് അശോകും അൻസാരിയും വീണ്ടും ഒരു വേദിയിൽ ഒന്നിച്ചെത്തി. അന്ന് ആക്രമണകാരിയായിരുന്ന അശോക് പാർമറിന്റെ ചെരുപ്പ് കട ഉദ്ഘാടനം ചെയ്തത് ജീവന് വേണ്ടി യാചിച്ച അൻസാരിയാണ്. ഏക്ത ചപ്പൽ ഘർ എന്ന പേരിൽ അശോക് തുറന്ന ചെരിപ്പുകട കഴിഞ്ഞ ദിവസമാണ് അൻസാരി ഉദ്ഘാടനം ചെയ്തത്. കലാപങ്ങളുടെ നാടായിരുന്ന അഹമ്മദാബാദ് ഇനി ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ നാടാകണമെന്നാണ് ആഗ്രഹമെന്നും അതിനായി ഒന്നിച്ച് നിൽക്കണമെന്നും അശോക് ഉദ്ഘാടനത്തിന് ശേഷം പ്രതികരിച്ചു.
2002ൽ ആയിരത്തിലേറെപ്പേർ കൊല്ലപ്പെട്ട ഗുജറാത്ത് കലാപത്തിന് വർഷങ്ങൾക്ക് ഇപ്പുറം കലാപത്തെയും വംശീയഹത്യകളേയും തള്ളിപ്പറഞ്ഞ് അശോക് മതസൗഹാർദ്ദത്തിനായി മുന്നോട്ട് വന്നിരുന്നു. 2014ലാണ് ഇരുവരും സൗഹൃദത്തിന്റെ പാതയിലെത്തുന്നത്. സിപിഎം പ്രവർത്തകനായ കലീം സിദ്ദിഖിയാണ് ഇരുവരെയും സൗഹൃദത്തിന്റെ പാതിയിലെത്തിക്കാൻ മുൻകൈ എടുത്തത്. ചെരിപ്പുകട തുടങ്ങാൻ സഹായം ചെയ്തതും സിപിഎമ്മാണെന്ന് സിദ്ധിഖി വ്യക്തമാക്കി. കലാപത്തിന് ശേഷം കൊൽക്കത്തയിലേക്ക് പാലായനം ചെയ്ത അൻസാരി കുറച്ച് വർഷങ്ങൾക്ക് മുൻപാണ് തിരികെ ഗുജറാത്തിലെത്തുന്നത്. ഭാര്യയും മക്കൾക്കുമൊപ്പം തയ്യൽക്കട നടത്തുകയാണ് അൻസാരിയിപ്പോൾ. അശോകിന്റെ ജീവിതത്തിന് ഒരു മാറ്റമുണ്ടാക്കുന്നതിൽ താൻ ഏറെ സന്തോഷവാനാണെന്ന് അൻസാരി പറഞ്ഞു.
Discussion about this post