ന്യൂഡൽഹി: രാജ്യത്ത് സാമ്പത്തിക മാന്ദ്യം കടുക്കുന്നതിനിടെ ഏറ്റവും കൂടുതൽ ആഘാതം അനുഭവിക്കുന്ന ഓട്ടോമൊബൈൽ മേഖലയ്ക്ക് ഇടക്കാലത്തേക്ക് ജിഎസ്ടി നിരക്ക് കുറച്ചേക്കും. കേന്ദ്രസർക്കാർ ചരക്ക് സേവന നികുതി നിരക്കു കുറച്ചു നൽകാൻ ആലോചിക്കുകയാണെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. 20നു ഗോവയിൽ ചേരുന്ന ജിഎസ്ടി കൗൺസിൽ ചെറിയ കാറുകൾക്കും എല്ലാത്തരം പാർട്സിനും 18% നികുതിനിരക്കു നിർദേശിച്ചേക്കാനാണ് സാധ്യത.
പരമാവധി 6 മാസത്തേക്ക് മാത്രമായിരിക്കും ഈ ഇളവ്. എന്നാൽ നിരക്കു കുറച്ചതിനു ശേഷം വർധിപ്പിക്കുന്നത് പ്രയാസമേറിയ കാര്യമായതിനാൽ പല സംസ്ഥാനങ്ങളും എതിർപ്പ് പ്രകടിപ്പിക്കുകയാണ്. ചെറിയ കാർ, ബൈക്ക്, മോപെഡ് തുടങ്ങിയവയ്ക്കും ചില പാർട്സിനും നിലവിൽ 28 ശതമാനമാണു നികുതി. ഇത് പത്ത് ശതമാനത്തോളം കുറയ്ക്കുന്നത് വിപണിക്ക് ഉണർവ്വ് നൽകിയേക്കും.
കൂടാതെ ജിഎസ്ടി നിരക്കിനൊപ്പം സെസും കുറയ്ക്കണോയെന്ന ആലോചനയും സർക്കാർ നടത്തുന്നുണ്ട്. നീളം, എൻജിൻ വലുപ്പം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ 1 മുതൽ 22 ശതമാനം വരെ നിലവിൽ സെസുണ്ട്. അതേസമയം, ഓട്ടമൊബൈൽ വ്യവസായ മേഖലയിലുള്ള പ്രതിസന്ധി മറികടക്കാൻ നികുതി-സെസ് നിരക്കു കുറയ്ക്കണമെന്ന ആവശ്യം സംസ്ഥാനങ്ങളോടും ഉന്നയിക്കണമെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂർ ആവശ്യപ്പെട്ടത്.
Discussion about this post