ന്യൂഡൽഹി: ആസാമിൽ നിന്നുള്ള പ്രമുഖ ശാസ്ത്രജ്ഞനും ചന്ദ്രയാൻ രണ്ട് ദൗത്യത്തിന്റെ ഉപദേശകരിൽ ഒരാളുമായ ഡോ. ജിതേന്ദ്രനാഥ് ഗോസ്വാമി അന്തിമ ദേശീയ പൗരത്വ പട്ടികയിൽ നിന്നും പുറത്ത്. ഓഗസ്റ്റ് 31 ന് പുറത്തിറക്കിയ പട്ടികയിൽ അദ്ദേഹവും കുടുംബവും ഉൾപ്പെട്ടിട്ടില്ല. നിലവിൽ അഹമ്മദാബാദിലാണ് താമസിക്കുന്നതെന്നും പക്ഷേ കുടുംബം ആസാമിലാണ് ഉള്ളതെന്നും ജിതേന്ദ്രനാഥ് ഗോസ്വാമി പ്രതികരിച്ചു.
കഴിഞ്ഞ 20 വർഷമായി തങ്ങൾ അഹമ്മദാബാദിലാണ് താമസിക്കുന്നത്. പൗരത്വ പട്ടികയിൽ നിന്നും പുറത്തായിട്ടുണ്ടാകാം. പക്ഷേ തങ്ങളുടെ കുടുംബം ആസാമിലാണ് ഉള്ളത്. ജോർഹട്ടിൽ ഭൂമിയുമുണ്ട്. ഇപ്പോൾ താമസിക്കുന്ന അഹമ്മദാബാദിലാണ് കുടുംബത്തിന് വോട്ടവകാശമുള്ളതെന്നും ജിതേന്ദ്രനാഥ് പറഞ്ഞു. ഭാവിയിൽ ഏതെങ്കിലും രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടായാൽ ഭൂമിയുടെ രേഖകൾ കാണിച്ച് അത് പരിഹരിക്കാമെന്നാണ് കരുതുന്നതെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.
ആസാം നിയമസഭാ സ്പീക്കർ ഹിതേന്ദ്രനാഥ് ഗോസ്വാമി ഇദ്ദേഹത്തിന്റെ സഹോദരാണ്. പൗരത്വ പട്ടികയിൽ നിന്നും പുറത്തായതിനെക്കുറിച്ച് സഹോദരനോട് സംസാരിച്ച് ഇനിയെന്താണ് ചെയ്യേണ്ടതെന്ന് അന്വേഷിക്കുകയാണെന്നും എന്നാൽ ആസാമിലേക്ക് തിരിച്ചുപോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post