ന്യൂഡൽഹി: പ്രതികാരനടപടി പോലെ മേഘാലയ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ കമലേഷ് താഹിൽരമണി രാജിവച്ചു. നേരത്തെ സ്ഥലംമാറ്റ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് താഹിൽരമണി കൊളീജിയത്തിന് നൽകിയ അപേക്ഷ തള്ളിയിരുന്നു. 75 ജഡ്ജിമാരുള്ള രാജ്യത്തെ ഏറ്റവും പഴക്കമുള്ള മദ്രാസ് ഹൈക്കോടതിയിൽ നിന്നാണ് രാജ്യത്തെ ഏറ്റവും ചെറിയ ഹൈക്കോടതികളിൽ ഒന്നായ മേഘാലയയിലേക്ക് ചീഫ് ജസ്റ്റിസ് വിജയ കമലേഷ് താഹിൽരമണിയെ സ്ഥലംമാറ്റിയത്.
മൂന്ന് ജഡ്ജിമാർ മാത്രമാണ് മേഘാലയ ഹൈക്കോടതിയിലുള്ളത്. പകരമായി മേഘാലയ ചീഫ് ജസ്റ്റിസായിരുന്ന എകെ മിത്തലിനെ മദ്രാസ് ഹൈക്കോടതിയിലേക്ക് നിയമിക്കുകയും ചെയ്തു. ഇതോടെ കൊളിജിയത്തിൻറെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് താഹിൽരമണി നിവേദനം നൽകിയെങ്കിലും തള്ളുകയായിരുന്നു. മുംബൈ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായിരിക്കേ ഗുജറാത്ത് കലാപക്കാലത്തെ ബിൽക്കീസ് ബാനുക്കേസിൽ വിധി പറഞ്ഞത് താഹിൽരമണിയാണ്.
ഏഴ് പ്രതികളെ വിട്ടയ്ക്കാനുള്ള കീഴ്‌ക്കോടതി തീരുമാനം റദ്ദാക്കിയായിരുന്നു അന്നത്തെ മുംബൈ ഹൈക്കോടതി വിധി. ഇതോടെ ഇപ്പോഴത്തെ സ്ഥലംമാറ്റം പ്രതികാര നടപടിയാണെന്ന് ചൂണ്ടികാട്ടി മദ്രാസ് ഹൈക്കോടതി അഭിഭാഷക സംഘടനയിലെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. രാജ്യത്തെ ഏറ്റവും സീനിയർ ജഡ്ജിമാരിലൊരാളും രാജ്യത്തെ രണ്ട് വനിതാ ചീഫ് ജസ്റ്റിസുമാരിൽ ഒരാളുമാണ് വിജയ താഹിൽരമണി.
മുമ്പ്, തെലങ്കാന ഹൈക്കോടതി ജസ്റ്റിസ് പിവി സഞ്ജയ് കുമാറിന്റെ സ്ഥലം മാറ്റത്തിന് എതിരെ തെലങ്കാനയിലെ അഭിഭാഷ സംഘടനയും രംഗത്തെത്തിയിരുന്നു.
Discussion about this post