ബംഗളൂരു: ആവശ്യക്കാർക്ക് വീടുകളിൽ മദ്യമെത്തിച്ച് നൽകുന്ന പദ്ധതിയിൽ നിന്നും പിന്മാറി കർണാടക സർക്കാർ. മദ്യം വീടുകളിലെത്തിക്കുമെന്ന് പ്രഖ്യാപനത്തിന് 24 മണിക്കൂർ ആയുസ് തികയും മുമ്പെയായിരുന്നു സർക്കാർ തീരുമാനത്തിൽ നിന്ന് പിന്മാറിയത്.
താൻ പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്ന് കർണാടക എക്സൈസ് മന്ത്രി എച്ച് നാഗേഷ് പറഞ്ഞു. അത്തരമൊരു പദ്ധതിയും നിലവിൽ സർക്കാരിന് മുമ്പിലില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, സംസ്ഥാനത്തെ ഓരോ ആദിവാസി കോളനികളിലും മദ്യവിൽപ്പന ശാലകൾ തുറക്കാനുള്ള പദ്ധതിക്ക് സർക്കാർ മുൻകൈയ്യെടുത്തിരുന്നു.
എന്നാൽ ഈ രണ്ട് പദ്ധതികളിൽ നിന്നും പിന്മാറിയ മന്ത്രി ഇത്തരമൊരു പദ്ധതി മുന്നോട്ട് വെച്ചതിൽ സ്ത്രീകളോട് ക്ഷമ ചോദിക്കുകയും ചെയ്തു. വ്യാജമദ്യം സംസ്ഥാനത്ത് ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞദിവസങ്ങളിൽ വിവിധ ഗ്രാമപ്രദേശങ്ങളിൽ നിന്ന് വന്ന സ്ത്രീകളുടെ നേതൃത്വത്തിൽ സമ്പൂർണ്ണ മദ്യനിരോധനം ആവശ്യപ്പെട്ട് മാർച്ച് നടന്നിരുന്നു. ഇതുകഴിഞ്ഞ ശേഷമാണ് മന്ത്രി പദ്ധതി പിൻവലിക്കുന്നതായി അറിയിച്ചത്.