ഇലക്ട്രിക് വാഹനങ്ങളുടെ പേരിൽ പെട്രോൾ-ഡീസൽ വാഹനങ്ങൾ നിരോധിക്കില്ല; ജിഎസ്ടി കുറയ്ക്കാൻ ധനമന്ത്രിയുമായി ചർച്ച നടത്തുമെന്നും ഗഡ്കരി

ഹൈബ്രിഡ് വാഹനങ്ങൾക്കും ജിഎസ്ടി ഇളവു നൽകാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ന്യൂഡൽഹി: രാജ്യത്തെ പെട്രോൾ, ഡീസൽ വാഹനങ്ങൾ നിരോധിക്കാൻ കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി നിതിൻ ഗഡ്കരി. വാഹനങ്ങളുടെ ജിഎസ്ടി കുറയ്ക്കുന്നതിന് ധനമന്ത്രിയുമായി ചർച്ച നടത്തുമെന്നും സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടമൊബൈൽ മാനുഫാക്ചറേഴ്‌സ് (സിയം) സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ഓട്ടമൊബൈൽ രംഗത്തു കാണുന്ന മാന്ദ്യം ആഗോള തലത്തിലെ മാന്ദ്യത്തിന്റെ പ്രതിഫലനമാണ്. കയറ്റുമതിക്ക് പ്രോത്സാഹനങ്ങൾ നൽകിയും മറ്റും സർക്കാർ വ്യവസായത്തിനൊപ്പം നിൽക്കും. ഇലക്ട്രിക് വാഹനങ്ങൾക്കു പുറമേ ഹൈബ്രിഡ് വാഹനങ്ങൾക്കും ജിഎസ്ടി ഇളവു നൽകാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയം കേന്ദ്രസർക്കാർ കൈക്കൊള്ളാൻ കാരണം കടുത്ത അന്തരീക്ഷ മലിനീകരണവും ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ അധികചെലവുമാണെന്നും മന്ത്രി പറഞ്ഞു.

രാജ്യത്ത് 5 ലക്ഷം കോടി രൂപ ചെലവിൽ 68 റോഡ് പദ്ധതികൾ നടപ്പാക്കുന്നതും വാഹന വിപണിക്ക് ഊർജം പകരും.

Exit mobile version