മംഗലാപുരം: സിവില്‍ സര്‍വീസില്‍ നിന്ന് വീണ്ടും കൊഴിഞ്ഞുപോക്ക്. ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണറും 2009 കര്‍ണാടക കേഡര്‍ ഐഎഎസ് ഓഫീസറുമായ എസ് ശശികാന്ത് സെന്തില്‍ ആണ് സിവില്‍ സര്‍വീസില്‍ നിന്നും രാജിവെച്ചത്. ജനാധിപത്യത്തിന്റെ അടിത്തറ തകര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ സിവില്‍ സര്‍വീസില്‍ തുടരുക അധാര്‍മികമായ കാര്യമെന്ന് പറഞ്ഞുകൊണ്ട് ശശികാന്ത് രാജിവെച്ചത്.
ഭാവിയില്‍ കൂടുതല്‍ വെല്ലുവിളികളാണ് കാത്തിരിക്കുന്നത്. ഈ സമയത്ത് സിവില്‍ സര്‍വീസിന് പുറത്ത് നില്‍ക്കുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദക്ഷിണ കന്നഡ ജില്ലയിലെ ജനങ്ങളോടും ഉദ്യോഗസ്ഥരോടും ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. ഐഎഎസിന് പുറത്താണെങ്കില്‍ രാജ്യത്തിന്റെ വികസനത്തിനായി, ജനങ്ങള്‍ക്ക് വേണ്ടി എനിക്ക് കൂടുതല്‍ ചെയ്യാന്‍ കഴിയുമെന്നും സെന്തില്‍ തുറന്ന് പറഞ്ഞു. 2017ലാണ് ദക്ഷിണ കന്നഡയുടെ ഡെപ്യൂട്ടി കമ്മീഷണറായി ശശികാന്ത് സെന്തില്‍ ചുമതലയേറ്റത്. ഈ പദവിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചവരില്‍ ഒരാളായിട്ടാണ് സെന്തില്‍ വിലയിരുത്തപ്പെടുന്നത്.
40കാരനായ സെന്തില്‍ തമിഴ്‌നാട് സ്വദേശിയാണ്. തിരുച്ചിറപ്പള്ളി ഭാരതിദാസന്‍ സര്‍വകലാശാലക്ക് കീഴിലെ റീജിണല്‍ എന്‍ജിനീയറിംഗ് കോളേജില്‍ നിന്ന് ബിഇ ഇലക്ട്രോണിക്‌സ് പാസായി. 2008ല്‍ ഒന്‍പതാം റാങ്കോടെ ഐഎഎസ് പരീക്ഷ പാസായി. 2009 മുതല്‍ 2012 വരെ ബെല്ലാരിയിലെ അസിസ്റ്റന്റ് കമ്മീഷണറായി പ്രവര്‍ത്തിച്ചു. രണ്ട് തവണ ഷിവമോഗ ജില്ലാ പഞ്ചായത്തിലെ സിഇഒയായിരുന്നു. ചിത്രദുര്‍ദഗ, റായിച്ചൂര്‍ ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണറായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഇതിനു മുന്‍പും സിവില്‍ സര്‍വീസില്‍ നിന്ന് കൊഴിഞ്ഞുപോക്ക് ഉണ്ടായിട്ടുണ്ട്. ഓഗസ്റ്റില്‍ മലയാളി കൂടിയായ ഐപിഎസ് ഓഫീസര്‍ കണ്ണന്‍ ഗോപിനാഥ് ആണ് രാജിവെച്ചത്. തനിക്ക് പദവിക്കുള്ളില്‍ നിന്ന് അഭിപ്രായം തുറന്ന് പറയാന്‍ കഴിയുന്നില്ലെന്ന കാരണത്താല്‍ രാജിവെയ്ക്കുന്നുവെന്നാണ് അദ്ദേഹം അറിയിച്ചത്. കേരളത്തില്‍ മുന്‍പുണ്ടായ പ്രളയകാലത്ത് സഹായിക്കാനെത്തിയവരുടെ കൂട്ടത്തില്‍ നിന്ന് തിളങ്ങിയ ഐപിഎസ് ഉദ്യോഗസ്ഥന്‍ കൂടിയായിരുന്നു കണ്ണന്‍ ഗോപിനാഥ്.
ശശികാന്ത് സെന്തിലിന്റെ കുറിപ്പ്;
പ്രിയ സുഹൃത്തുക്കളെ,
ഞാന്‍ ഇന്ന് ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് രാജിവച്ചു. എന്റെ രാജി തീര്‍ത്തും വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണെന്ന് വ്യക്തമാക്കട്ടെ. എന്റെ ഇപ്പോഴത്തെ മംഗലാപുരം ഡിസി പോസ്റ്റിന് രാജിയുമായി യാതൊരു ബന്ധവുമില്ല. ദക്ഷിണ കന്നഡ ജില്ലയിലെ ജനങ്ങളോടും ഉദ്യോഗസ്ഥരോടും ഞാന്‍ ക്ഷമ ചോദിക്കുന്നു. അവരോടൊപ്പം പ്രവര്‍ത്തിക്കുന്നത് അവിസ്മരണീയമായിരുന്നു.
എന്നെ ഏല്‍പിച്ച ജോലി പാതിവഴിയില്‍ ഉപേക്ഷിച്ചതിന് ഞാന്‍ ക്ഷമ ചോദിക്കുന്നു. രാജ്യത്തിന്റെ ഭരണഘടനയുടെ അടിസ്ഥാന അഭിലാഷങ്ങള്‍ പരാജയപ്പെടുന്ന ഈ ദിവസങ്ങളില്‍ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ല. നമ്മുടെ ജനാധിപത്യ അടിത്തറ തകര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ ധാര്‍മ്മികമായി ഈ തൊഴിലില്‍ ഏര്‍പ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഈ ദുഷ്‌കരമായ സാഹചര്യം അടുത്ത കുറച്ച് ദിവസങ്ങളില്‍ കൂടുതല്‍ വഷളാകും.
ഐഎഎസിന് പുറത്താണെങ്കില്‍ രാജ്യത്തിന്റെ വികസനത്തിനായി, ജനങ്ങള്‍ക്ക് വേണ്ടി എനിക്ക് കൂടുതല്‍ ചെയ്യാന്‍ കഴിയും. എന്നോടൊപ്പം പ്രവര്‍ത്തിച്ച എല്ലാവരോടും സംസ്ഥാനത്തെ ജനങ്ങളോടും ഞാന്‍ വീണ്ടും നന്ദി പറയുന്നു. എന്റെ സഹപ്രവര്‍ത്തകര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നന്മ നേരുന്നു.
എസ്. ശശികാന്ത് സെന്തില്‍