ന്യൂഡൽഹി: സിബിഐ കസ്റ്റഡിയിൽ മുൻകേന്ദ്ര ധനകാര്യമന്ത്രി പി ചിദംബരം 90 മണിക്കൂറിൽ മറുപടി പറഞ്ഞത് 450 ചോദ്യങ്ങൾക്കെന്ന് റിപ്പോർട്ട്. ഇക്കാര്യം ദേശീയ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കേന്ദ്രമന്ത്രിയായിരിക്കെ വിദേശ നിക്ഷേപ പ്രോത്സാഹന ബോർഡിൽ നടത്തിയ ഇടപെടലുകളെ കുറിച്ച് ചോദിച്ചറിയാനായിരുന്നു മിക്ക ചോദ്യങ്ങളും.
ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് ചിദംബരം ധനമന്ത്രിയായിരുന്ന കാലത്താണ് ഐഎൻഎക്‌സ് മീഡിയയ്ക്കു വിദേശത്തുനിന്ന് മുതൽമുടക്ക് കൊണ്ടുവരാൻ വിദേശനിക്ഷേപ പ്രോത്സാഹന ബോർഡിന്റെ (എഫ്‌ഐപിബി) അനുമതി ലഭിച്ചത്. ഇതിൽ അഴിമതി നടന്നെന്നാണ് സിബിഐ കേസ്. സാക്ഷികളുമായും മറ്റ് അഞ്ച് പ്രതികളുമായും കസ്റ്റഡിയിലിരിക്കെ ചിദംബരം തർക്കിച്ചതായാണ് സിബിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പുറത്തുവരുന്ന വിവരം.
കേസിൽ 20ന് കുറ്റപത്രം നൽകിയേക്കും. രണ്ട് ആഴ്ചയായി സിബിഐ കസ്റ്റഡിയിലുള്ള ചിദംബരത്തെ വ്യാഴാഴ്ചയാണ് കോടതി തിഹാർ ജയിലിലേക്ക് അയച്ചത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൽ കീഴടങ്ങണമെന്ന് ചിദംബരത്തിന്റെ അഭിഭാഷകർ കോടതിയെ അറിയിച്ചിരുന്നു. കീഴടങ്ങൽ അപേക്ഷയിൽ 12ന് കോടതി വാദം കേൾക്കും.
തിഹാർ ജയിലിലെ രണ്ടാം നമ്പർ വാർഡിലെ അഞ്ചാം നമ്പർ സെല്ലാണ് ചിദംബരത്തിന് അനുവദിച്ചിരിക്കുന്നത്. 19 വരെ ജയിലിൽ തുടരും. കട്ടിൽ, പാശ്ചാത്യ സൗകര്യങ്ങളുള്ള ശുചിമുറി, മരുന്നുകൾ തുടങ്ങിയവ അനുവദിച്ചിട്ടുണ്ട്.