ന്യൂഡല്‍ഹി: അന്ന് നടന്ന കാറപടകത്തിന് പിന്നില്‍ എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാര്‍ തന്നെയെന്ന് ഉറപ്പിച്ച് മൊഴി നല്‍കി ഉന്നാവോ പെണ്‍കുട്ടി. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി സിബിഐയ്ക്ക് മൊഴി നല്‍കിയത്. അപകടത്തിന് തൊട്ടു മുന്‍പ് എംഎല്‍എയും കൂട്ടാളികളും തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായും പെണ്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
ഉന്നാവോ പെണ്‍കുട്ടി സഞ്ചരിച്ച കാറിനെ നമ്പര്‍ പ്ലേറ്റില്ലാതെ വന്ന ഒരു ട്രക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ട്രക്ക് അമിതവേഗതിയിലായിരുന്നതും അപകടരീതി കണ്ട ദൃക്‌സാക്ഷികളും മനഃപൂര്‍വ്വം കാറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്നാണ് വെളിപ്പെടുത്തിയത്. മുന്‍കൂട്ടി പദ്ധതിയിട്ട വിധം തോന്നിപ്പിക്കും ആ അപകടം എന്നാണ് പലരുടെയും മൊഴി.
അപകടത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് ബന്ധുക്കള്‍ മരിച്ചിരുന്നു. പെണ്‍കുട്ടി അത്യാസന്നനിലയില്‍ കഴിയുകയായിരുന്നു. ഇവരുടെ അഭിഭാഷകനും അപകടത്തില്‍ സാരമായി പരിക്കേറ്റിരുന്നു. അതിതീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞ പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസമാണ് വാര്‍ഡിലേയ്ക്ക് മാറ്റിയത്. പിന്നീട് ആരോഗ്യം വീണ്ടെടുത്ത് ശേഷം മൊഴി നല്‍കുകയായിരുന്നു.
ജൂലൈ 28 നായിരുന്നു ഉന്നാവോ പെണ്‍കുട്ടി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. കേസില്‍ അന്വേഷണം നേരിടുന്ന ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗറിനെ ബിജെപി സസ്പെന്റ് ചെയ്തിരുന്നു. 2017ല്‍ ജോലി വാഗ്ദാനവുമായി ബന്ധപ്പെട്ട് കാണാനെത്തിയ, അന്ന് 17 വയസ് പ്രായമുണ്ടായിരുന്ന പെണ്‍കുട്ടിയെ എംഎല്‍എ അടക്കമുള്ളവര്‍ ചേര്‍ന്ന് പീഡിപ്പിച്ചുവെന്നാണ് ഉയര്‍ന്ന പരാതി. പരാതി ശക്തമായതോടെയാണ് നടുക്കുന്ന അപകടമുണ്ടായത്.