ലഖ്നൗ: യുപിയിലെ മിര്‍സാപുരില്‍ പ്രൈമറി സ്കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണമായി ഉപ്പും റൊട്ടിയും നല്‍കിയെന്ന വിവാദത്തില്‍ മാധ്യമപ്രവര്ത്തകന് പിന്തുണയുമായി സ്കൂളിലെ പാചകക്കാരിയും ഗ്രാമീണരും രംഗത്ത്. രുക്മിണീ ദേവിയെന്ന സ്ത്രീയാണ് മാധ്യമപ്രവര്ത്തകന് പവന് കുമാര്‍ ജയ്സ്വാളിന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്.
‘അദ്ദേഹം ഒരു തെറ്റും ചെയ്തിട്ടില്ലെന്നും, പ്രധാനാധ്യാപകന് മുരളീലാലിന്റെ നേതൃത്വത്തില്‍ അദ്ദേഹത്തെ കുടുക്കുകയായിരുന്നു. കുട്ടികള്‍ക്ക് നല്ലതുവരാന്‍ വേണ്ടിയാണ് അദ്ദേഹം റൊട്ടിയും ഉപ്പും വിളമ്പുന്ന കാര്യം റിപ്പോര്‍ട്ട് ചെയ്തത്’ എന്നാണ് രുക്മിണീ ദേവി പറഞ്ഞത്.
സ്കൂളില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിന് നല്‍കേണ്ട ഭക്ഷണത്തിന്റെ മുഴുവന്‍ ക്വാട്ടയും ലഭിക്കാറുണ്ട്. എന്നാല്‍ ഇതൊന്നും വിതരണം ചെയ്യാറില്ലെന്നും കുട്ടികള്‍ക്ക് പലപ്പോഴും പാലില്‍ വെള്ളം ചേര്‍ത്താണ് നല്‍കിയിരുന്നതെന്നും രുക്മിണീ ദേവി പറഞ്ഞു. ഒരാഴ്ചയ്ക്ക് രണ്ടരക്കിലോ ഉരുളക്കിഴങ്ങും 250 ഗ്രാം എണ്ണയുമാണ് നല്‍കിയിരുന്നത്. മാസത്തില്‍ രണ്ട് പ്രാവശ്യം കുട്ടികള്‍ക്ക് വെറും ഉപ്പ് കൂട്ടിയാണ് റൊട്ടിയോ ചോറോ നല്‍കിയിരുന്നതെന്നും രുക്മിണീ ദേവി പറഞ്ഞു.
അതേസമയം മാധ്യമപ്രവര്‍ത്തകനെ പിന്തുണച്ച് ഗ്രാമവാസികളും രംഗത്ത് എത്തിയിട്ടുണ്ട്. പല ദിവസങ്ങളിലും കുട്ടികള്‍ക്ക് റൊട്ടിയുടെ പകുതി മാത്രമേ നല്കാറുള്ളുവെന്നും കുട്ടികള്‍ക്കായി കൊണ്ടുവരുന്ന പാലും പച്ചക്കറികളും ധാന്യങ്ങളും പ്രധാനാധ്യാപകന് മുരളീലാല്‍ തട്ടിയെടുക്കുന്നതായും ഗ്രാമീണര്‍ ആരോപിച്ചു. ഈ സംഭവം പുറംലോകത്തെ അറിയിച്ച മാധ്യമപ്രവര്‍ത്തകനെതിരെ ക്രിമിനല്‍ ഗൂഢാലോചന ആരോപിച്ച് ഉത്തര്‍പ്രദേശ് പോലീസ് കേസ് എടുത്തിരുന്നു.
Discussion about this post