ഗുരുഗ്രാം: പുതിയ ഗതാഗത നിയമം രാജ്യത്ത് കര്‍ശനമാക്കിയിരിക്കുകയാണ്. വാഹനപരിശോധനയില്‍ നിരവധി പേരാണ് കുടുങ്ങുന്നത്. ചുമത്തുന്ന പിഴ അടയ്ക്കുന്നവരും അതിനെ ചോദ്യം ചെയ്യുന്നവരുമുണ്ട്. എന്നാല്‍ എല്ലാം വിമര്‍ശനങ്ങളെയും പ്രതിഷേധങ്ങളെയും തള്ളി പോലീസ് തങ്ങളുടെ ചുമതല കൃത്യമായി ചെയ്ത് മുന്‍പോട്ടു പോവുകയാണ്.
കഴിഞ്ഞ ദിവസം ബൈക്ക് യാത്രികന് 23,000 രൂപ പിഴയിട്ടിരുന്നു. ഡ്രൈവിങ് ലൈന്‍സന്‍സ്, ആര്‍സി, തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ്, എയര്‍ പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നീ രേഖകളൊന്നും കൈകളില്‍ ഇല്ലാത്തതിന്റെ പേരിലാണ് ഇത്രയും വലിയ തുക ഈടാക്കിയത്. ഇപ്പോള്‍ സമാനമായ അനുഭവം ഓട്ടോ ഡ്രൈവര്‍ക്കും വന്നിരിക്കുകയാണ്. നിയമം ലംഘിച്ച ഓട്ടോ ഡ്രൈവര്‍ക്ക് പിഴയായി ഈടാക്കിയിരിക്കുന്നത് 32,500 രൂപയാണ്.
ഗുരുഗ്രാമിലുള്ള ബ്രിസ്റ്റോള്‍ ചൗക്കിലെ ഓട്ടോ ഡ്രൈവര്‍ക്കാണ് വലിയ തുക പിഴയായി വന്നത്. ഡ്രൈവിംഗ് ലൈസന്‍സ്, പുക പരിശോധന സര്‍ട്ടിഫിക്കറ്റ്, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് എന്നിങ്ങനെ ഒരു രേഖകളും ഇല്ലാതെ ഓട്ടോയുമായി നിരത്തില്‍ ഇറങ്ങിയതാണ് ഡ്രൈവര്‍ക്ക് കുരുക്കായത്. സെപ്റ്റംബര്‍ ഒന്ന് മുതലാണ് വാഹനഗതാഗത നിയമ ലംഘനത്തിന് വന്‍ പിഴ ഈടാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം നടപ്പാക്കി തുടങ്ങിയത്.
Discussion about this post