ജീന്‍സ് വസ്ത്ര നിര്‍മ്മാണ മേഖലയ്ക്കും തിരിച്ചടിയായി സാമ്പത്തിക പ്രതിസന്ധി; നിര്‍മ്മാണം നിലച്ചേയ്ക്കും..?

ശ്രീലങ്ക, സിംഗപ്പൂര്‍, മിഡില്‍-ഈസ്റ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതിയും നടത്തുന്നു.

ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ധിച്ചു വരുന്ന സാമ്പത്തിക പ്രതിസന്ധി ജീന്‍സ് വസ്ത്ര നിര്‍മ്മാണ മേഖലയെയും സാരമായി ബാധിച്ചുവെന്ന് റിപ്പോര്‍ട്ട്. ജീന്‍സ് നിര്‍മ്മാണത്തിനും വിതരണത്തിനും പേരുകേട്ട കര്‍ണാടകയിലെ ബെല്ലാരിയില്‍ മാത്രം 20ശതമാനമാണ് കച്ചവടത്തില്‍ കുറവ് വന്നിരിക്കുന്നത്. ഇതോടെ നിര്‍മ്മാണം നിലച്ചേയ്ക്കുമെന്നാണ് ലഭിക്കുന്ന വിവരം.

ഇവിടത്തെ നിര്‍മ്മാണ യൂണിറ്റുകള്‍ക്ക് ഡെനിം തുണിയും മറ്റ് അസംസ്‌കൃത വസ്തുക്കളും അഹമ്മദാബാദ്, സൂററ്റ് എന്നിവിടങ്ങളില്‍ നിന്നാണ് വരുന്നത്. തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, കേരളം എന്നിവിടങ്ങളില്‍ കച്ചവടക്കാരുമായി നേരിട്ടാണ് ഇടപാട് നടത്തുന്നത്. ശ്രീലങ്ക, സിംഗപ്പൂര്‍, മിഡില്‍-ഈസ്റ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതിയും നടത്തുന്നു.

എന്നാല്‍ ഇപ്പോള്‍ തങ്ങളില്‍ നിന്ന് സ്ഥിരമായി വാങ്ങിയിരുന്ന കച്ചവടക്കാരുടെ ഓര്‍ഡറുകള്‍ കുറഞ്ഞതായി നിര്‍മ്മാതാക്കള്‍ വെളിപ്പെടുത്തി. വ്യവസായ മേഖലയില്‍ വളര്‍ന്നു വരുന്ന സാമ്പത്തിക പ്രതിസന്ധിയാണ് ഈ ഇടിവിന് കാരണമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. അയല്‍സംസ്ഥാനങ്ങളില്‍ വര്‍ഷങ്ങളായി തങ്ങള്‍ നന്നായി ജീന്‍സ് വിതരണം ചെയ്യുന്ന ഷോപ്പുകളില്‍ നിന്നുള്ള ഓര്‍ഡറുകളും വലിയ തോതില്‍ കുറഞ്ഞെന്നും നിര്‍മ്മാണ യൂണിറ്റ് ഉടമകള്‍ കൂട്ടിച്ചേര്‍ത്തു.

യൂണിറ്റുകള്‍ അടച്ചുപൂട്ടുന്നതിനെ കുറിച്ച് പോലും ചിന്തിക്കേണ്ട അവസ്ഥയിലാണെന്ന് ഉടമകള്‍ വെളിപ്പെടുത്തി. യൂണിറ്റുകള്‍ അടച്ചുപൂട്ടിയാല്‍ ബെല്ലാരി, ചിത്രദുര്‍ഗ, അധോനി ജില്ലകളിലുള്ള തൊഴിലാളികളുടെ ജീവിതത്തെയും ഇത് സാരമായി ബാധിച്ചേക്കും. ഇതോടെ തൊഴിലില്ലായ്മ രാജ്യത്തിന് അതിരൂക്ഷമാവും എന്നതില്‍ സംശയമില്ല.

Exit mobile version