ശ്രീനഗർ: ആർട്ടിക്കിൾ 370 റദ്ദാക്കുകയും ജമ്മു-കാശ്മീർ വിഭജിക്കുകയും ചെയ്ത നടപടിക്ക് പിന്നാലെ കേന്ദ്രസർക്കാർ സംസ്ഥാനത്ത് വാർത്താവിനിമയ മാർഗ്ഗങ്ങൾ റദ്ദാക്കിയത് ഏറെ വിവാദമായിരുന്നു. രണ്ടാഴ്ച കഴിഞ്ഞിട്ടും കാശ്മീരിൽ പൂർണ്ണമായും വാർത്താവിനിമയ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. ചില പ്രദേശങ്ങളിൽ ലാൻഡ്‌ലൈനും മൊബൈൽ സേവനങ്ങളും പുനഃസ്ഥാപിക്കുക മാത്രമാണ് ചെയ്തത്. ഇതോടെ വിമർശനം ഏറ്റുവാങ്ങുന്ന സർക്കാർ കാശ്മീരിൽ ഇന്റർനെറ്റ്-മൊബൈൽ ഫോൺ സേവനം റദ്ദാക്കിയത് ഭീകരവാദികളുടെ ആശയവിനിമയം തടയുന്നതിന് വേണ്ടിയായിരുന്നെന്ന വാദവുമായി രംഗത്ത്. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറാണ് ഇക്കാര്യം വിശദീകരിച്ചത്.
ഇനിയുള്ള ദിവസങ്ങളിൽ മേഖലയിലെ നിയന്ത്രണങ്ങൾക്ക് ഇളവു വരുത്തുമെന്നും ജയ്ശങ്കർ പറഞ്ഞു. ബെൽജിയത്തിലെ ബ്രസലിൽ ഒരു മാസികയ്ക് നൽകിയ അഭിമുഖത്തിലാണ് ഇന്റർനെറ്റ്-മൊബൈൽ ഫോൺ സേവനങ്ങൾ റദ്ദാക്കിയ നടപടിയെ ന്യായീകരിച്ച് വിദേശകാര്യമന്ത്രി രംഗത്തെത്തിയത്.
മുഴുവൻ കാശ്മീരിനെ ബാധിക്കാത്ത രീതിയിൽ ഭീകരവാദികൾ തമ്മിലുള്ള ആശയവിനിമയത്തെ മാത്രം തടയുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ജനങ്ങൾക്ക് ഇന്റർനെറ്റ്-മൊബൈൽ ഫോൺ സൗകര്യവും ഉറപ്പുവരുത്തി എങ്ങനെയാണ് തീവ്രവാദികളുടെയും തലവൻമാരുടെയും ആശയവിനിമയം തടയുക? ഇത് സാദ്ധ്യമായ കാര്യമല്ല- ജയശങ്കർ പറയുന്നു.
Discussion about this post