സർദാർ സരോവർ അണക്കെട്ട് തുറക്കാൻ സമരം; മേധാ പട്കറുടെ ആരോഗ്യനില വഷളായി

വെള്ളം നിറയ്ക്കുമെന്നു പ്രഖ്യാപിച്ചു ഗുജറാത്ത് സർക്കാരും അതിനെതിരെ മധ്യപ്രദേശ് സർക്കാരും കൊമ്പുകോർക്കാൻ തുടങ്ങിയിട്ട് ആഴ്ചകളായി.

അഹമ്മദാബാദ്: സർദാർ സരോവർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നോട്ടെയെന്ന ഭാവത്തിൽ മുങ്ങുന്ന ഗ്രാമങ്ങൾക്ക് നേരെ കണ്ണടച്ച് നിൽക്കുന്ന ഗുജറാത്ത് സർക്കാരിനെതിരെ നർമദാ ബചാവോ ആന്ദോളൻ നടത്തുന്ന സമരം തീവ്രമാകുന്നു. സർദാർ സരോവർ അണക്കെട്ടിലെ ജലനിരപ്പുയരുന്നതോടെ മധ്യപ്രദേശിലെ ഗ്രാമങ്ങൾ പ്രളയ ഭീഷണിയിലാണ്. ഇതിനിടെ, ഈ ഗ്രാമങ്ങളെ രക്ഷിക്കാനായി നിരാഹാരം നടത്തുന്ന മേധാ പട്കറുടെ ആരോഗ്യനില വഷളായി.

പ്രളയഭീഷണിയിലായ ഇരുനൂറോളം ഗ്രാമങ്ങളിലെ ജനങ്ങളെ രക്ഷിക്കാൻ ഡാമിന്റെ ഷട്ടർ തുറക്കണമെന്നാണ് മേധയുടെ ആവശ്യം. മേധയുടെയും മറ്റു സത്യഗ്രഹികളുടെയും ജീവൻ രക്ഷിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് ബിനോയ് വിശ്വം എംപി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. മേധയുൾപ്പെടെ 25 പേർ നർമദാ നദിക്കരയിലെ മധ്യപ്രദേശിലെ ഛോട്ടാ ബർദയിലാണ് സമരം നടത്തുന്നത്.നർമദാ ബചാവോ ആന്ദോളന്റെ ആഭിമുഖ്യത്തിൽ മേധ നടത്തുന്ന നിരാഹാര സമരം പത്താം ദിവസത്തിലേക്കു കടന്നു.

അണക്കെട്ടിന്റെ പരമാവധി ജലനിരപ്പായ 138 മീറ്ററും വെള്ളം നിറയ്ക്കുമെന്നു പ്രഖ്യാപിച്ചു ഗുജറാത്ത് സർക്കാരും അതിനെതിരെ മധ്യപ്രദേശ് സർക്കാരും കൊമ്പുകോർക്കാൻ തുടങ്ങിയിട്ട് ആഴ്ചകളായി. ഇന്നലെ ജലനിരപ്പ് 135 മീറ്ററിലെത്തി. എങ്കിലും ഗ്രാമങ്ങളുടെ സ്ഥിതിയിൽ മാറ്റമൊന്നുമില്ല.

മുപ്പത്തയ്യായിരത്തോളം കുടുംബങ്ങളെ വെള്ളം കയറുന്ന പ്രദേശങ്ങളിൽ നിന്ന് ഇനിയും പുനരധിവസിപ്പിക്കേണ്ടതായിട്ടുണ്ട്. യുദ്ധകാലാടിസ്ഥാനത്തിൽ പുനരധിവാസം പൂർത്തിയാക്കണമെന്ന നർമദാ ബചാവോ ആന്ദോളൻ പ്രവർത്തകരുടെ ആവശ്യവും മധ്യപ്രദേശ് സർക്കാരിന്റെ പരിഗണനയിലാണ്.

Exit mobile version