ന്യൂഡൽഹി: രാജ്യത്തെ സാമ്പത്തികമാന്ദ്യത്തിന് കാരണം കേന്ദ്ര സർക്കാരിന്റെ തെറ്റായ പരിഷ്‌കാരങ്ങളാണെന്ന് മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മൻമോഹൻ സിങ്. നിലവിലെ സാമ്പത്തികാവസ്ഥയിൽ ആശങ്കയുണ്ട്. ജൂൺ അവസാനപാദത്തിലെ ജിഡിപി വളർച്ചാനിരക്ക് അഞ്ച് ശതമാനമെന്നത് കടുത്ത സാമ്പത്തികമാന്ദ്യത്തിലേക്ക് വിരൽ ചൂണ്ടുന്നതാണെന്നും മുൻപ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
നിർമ്മാണമേഖലയുടെ വളർച്ചാനിരക്ക് 0.6 ശതമാനത്തിലേക്ക് താഴ്ന്നത് ഏറെ അസ്വസ്ഥതയുണ്ടാക്കുന്നതാണ്. നോട്ട് അസാധുവാക്കൽ എന്ന മണ്ടത്തരവും ജിഎസ്ടി നടപ്പാക്കിയ രീതിയിൽ നിന്നും നിർമ്മാണ മേഖല ഇതുവരെ കരകയറിയിട്ടില്ല. മോഡി സർക്കാരിന്റെ പരിഷ്‌ക്കാരങ്ങൾ രാജ്യത്ത് തൊഴലവസരങ്ങൾ ഇല്ലാതാക്കുകയാണ്. വാഹനനിർമ്മാണ മേഖലയിൽ മാത്രം 3.5 ലക്ഷം പേരാണ് തൊഴിൽരഹിതരായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) നടപ്പ് സാമ്പത്തിക വർഷത്തിന്റെ (2019-20) ആദ്യ പാദത്തിൽ അഞ്ച് ശതമാനമാണ്. കഴിഞ്ഞ പാദത്തിൽ 5.8 ശതമാനമാനവും 2018 ജൂൺ 30ന് അവസാനിച്ച പാദത്തിൽ എട്ട് ശതമാനവുമായിരുന്നു സാമ്പത്തിക വളർച്ച. ഇത് ദീർഘകാല മാന്ദ്യത്തിനിടയാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
Discussion about this post