ന്യൂഡൽഹി: കടുത്ത സാമ്പത്തിക ബാധ്യതയിൽ ഉഴറി എയർ ഇന്ത്യ സർവീസുകൾ. പണം മുടങ്ങിയതോടെ എണ്ണക്കമ്പനികൾ നിലപാട് കടുപ്പിച്ചിരിക്കുകയാണ്. ഇതോടെ എയർ ഇന്ത്യയുടെ മിക്ക സർവീസുകളും മുടങ്ങുമെന്നാണ് സൂചന. ഇന്ധനം നൽകിയ ഇനത്തിൽ എണ്ണക്കമ്പനികൾക്ക് ഭീമമായ തുക എയർ ഇന്ത്യ നൽകാനുണ്ട്. സെപ്റ്റംബർ ആറ് മുതൽ ഹൈദരാബാദ്, റായ്പുർ തുടങ്ങിയ വിമാനത്താവളങ്ങളിൽ എയർ ഇന്ത്യാ വിമാനങ്ങൾക്ക് ഇന്ധനം നൽകുന്നത് താൽക്കാലികമായി നിർത്തിവെക്കുമെന്നാണ് എണ്ണക്കമ്പനികളുടെ അന്ത്യശാസന. നടപടി ഇത്തരത്തിലാണെങ്കിൽ ഒട്ടേറെ സർവീസുകൾ നിർത്തിവെക്കേണ്ടി വരുമെന്ന് എയർ ഇന്ത്യയിലെ മുതിർന്ന ഉദ്യോഗസ്ഥൻ വെളിപ്പെടുത്തുന്നു.
റാഞ്ചി, മൊഹാലി, പാട്ണ, വിശാഖപട്ടണം പൂണെ, കൊച്ചി എന്നീ ആറ് വിമാനത്താവളങ്ങളിൽ എയർ ഇന്ത്യയുടെ വിമാനങ്ങൾക്ക് ഇന്ധനം നൽകുന്നത് ഇന്ത്യൻ ഓയിൽ ഉൾപ്പെടെയുള്ള പൊതുമേഖലാ കമ്പനികൾ നിർത്തിയിരുന്നു. ഇത് എയർ ഇന്ത്യയുടെ സർവീസിനെ സാരമായി ബാധിച്ചിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഈ മാസം ആറ് മുതൽ ഹൈദരാബാദിലും റായ്പൂരിലും കൂടി ഇന്ധനം നൽകുന്നത് നിർത്താനുള്ള എണ്ണക്കമ്പനികളുടെ തീരുമാനം.
നിലവിൽ ഹൈദരാബാദും റായ്പുരും എയർഇന്ത്യയുടെ പ്രധാന താവളങ്ങളാണ്. ഏകദേശം അമ്പതോളം സർവീസുകളാണ് ഇവിടെ നിന്ന് മാത്രം തുടങ്ങുന്നത്. ബാധ്യത വർധിച്ചതിനെ തുടർന്ന് ദിനംപ്രതി 18 കോടിയോളം രൂപ വില നൽകിയാണ് എയർ ഇന്ത്യാവിമാനങ്ങൾ ഇന്ധനം നിറയ്ക്കുന്നത്. ഈ ബാധ്യതയ്ക്ക് പുറമെയാണ് മുഴുവൻ തുകയും പലിശയുൾപ്പെടെ സെപ്റ്റംബർ ആറിന് മുമ്പ് നൽകണമെന്ന എണ്ണക്കമ്പനികളുടെ ആവശ്യം.
Discussion about this post