പാട്ന: ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട പ്രതിയുടെ ജന്മദിനം ആഘോഷിച്ചത് വിവാദത്തില്‍. ബിഹാറിലെ സീതാമര്‍ഹി ജയിലിലാണ് സംഭവം. ഇരട്ടക്കൊലപാതകത്തിന് ശിക്ഷിക്കപ്പെട്ട പിന്റു തിവാരിയാണ് ജയിലില്‍ ജന്മദിനമാഘോഷിച്ചത്. കേക്ക് മുറിച്ചും മട്ടണ്‍ കറി വെച്ചുമായിരുന്നു ആഘോഷം. ഇതു കൂടാതെ ജയിലിലെ മറ്റു പ്രതികള്‍ ഇയാള്‍ക്ക് സമ്മാനങ്ങളും നല്കി. പിന്നീട് ഇവര്‍ക്കായി ചോറും കറികളും ഒരുക്കിയിരുന്നു.
വിപുലമായ ആഘോഷം തന്നെയായിരുന്നു ജയിലിനകത്ത് നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും ചെയ്തു. ഇതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ജയിലിനുള്ളിലേക്ക് കാറ്ററിങ് സര്‍വ്വീസുകാരെ വിളിച്ചു വരുത്തിയാണ് കേക്കും ഭക്ഷണവും സംഘടിപ്പിച്ചത്. ആഘോഷത്തിന്റെ വീഡിയോ സഹതടവുകാര്‍ തന്നെയാണ് മൊബൈലില്‍ ചിത്രീകരിച്ചത്.
വീഡിയോ വൈറലായതോടെ ജയിലിനുള്ളിലെ സുരക്ഷയെയും അച്ചടക്കപാലനത്തെയും വിമര്‍ശിച്ച് നിരവധിപേര്‍ രംഗത്തെത്തി. ഇതോടെ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജയില്‍ ഐജി മിതിലേഷ് മിശ്ര ആവശ്യപ്പെട്ടു.
Discussion about this post