മുംബൈ: അന്ന് വർഷങ്ങൾക്ക് മുമ്പ് കാൺപൂരിലെ ആശുപത്രിയിൽ വെച്ച് ഡോക്ടർമാർ ജീവനില്ലെന്ന് പറഞ്ഞ് ചവറ്റുകൂനയിലേക്ക് വലിച്ചെറിഞ്ഞപ്പോഴും ആ കുഞ്ഞുഹൃദയം തുടിക്കുന്നുണ്ടായിരുന്നു. എന്നാൽ അവിചാരിതമായി ഒരു ബന്ധു ആ പെൺകുഞ്ഞിലെ ജീവന്റെ തുടിപ്പ് തിരിച്ചറിഞ്ഞ് എടുത്തുകൊണ്ടു വന്നു. അന്ന് ഡോക്ടർമാർ ജീവനില്ലെന്ന് പറഞ്ഞ് അനാസ്ഥയോടെ ആ പിഞ്ചുജീവൻ കൈകാര്യം ചെയ്തപ്പോൾ കിട്ടിയ വൈകല്യവുമായാണ് പിന്നീടങ്ങോട്ട് നൂപുർ എന്ന പെൺകുട്ടിയായി അവൾ വളർന്നത്.
ഏറെ കാലത്തിനിപ്പുറം കൃത്യമായി പറഞ്ഞാൽ 29 വർഷങ്ങൾക്കിപ്പുറം അമിതാഭ് ബച്ചൻ അവതരിപ്പിക്കുന്ന ‘കോൻ ബനേഗ ക്രോർപതിയിൽ’ 12 ചോദ്യങ്ങൾക്ക് ശരിയുത്തരം നൽകി അവൾ 12.5 ലക്ഷം രൂപ എന്ന തിളക്കമാർന്ന സമ്മാന വിജയം കരസ്ഥമാക്കി. ഇന്ന് നാടിനും അഭിമാനമാണ് ഈ പെൺകുട്ടി. ഉന്നാവ് ജില്ലയിലെ കർഷകനായ രാംകുമാർ സിങിന്റെയും കൽപന സിങിന്റെയും മകളാണ് നൂപുർ സിങ്.
തന്റെ വൈകല്യങ്ങളെ കരുത്താക്കി മിടുക്കിയായി പഠിച്ച അവൾ, ബിഎഡ് പ്രവേശന പരീക്ഷ ആദ്യശ്രമത്തിൽ തന്നെ വിജയിക്കുകയും ചെയ്തു. ഇപ്പോൾ പ്ലേ ഗ്രൂപ് കുട്ടികളെ പഠിപ്പിക്കുകയും പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുകയും ചെയ്യുകയാണ് നൂപുർ.
ക്രോർപതി ടിവിയിൽ കാണുമ്പോൾ മത്സരാത്ഥികളെക്കാളും മുമ്പേ നൂപുർ ശരിയുത്തരം നൽകാറുണ്ടായിരുന്നു എന്നാണ് അവളുടെ അമ്മ പറയുന്നത്. അതാണ് മകളെ അവിടെ എത്തിച്ചത്. ഈ സീസൺ ആരംഭിച്ചപ്പോൾ നൂപുർ അപേക്ഷിക്കുകയും തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. തന്റെ അവസ്ഥക്ക് കാരണമായ ഡോക്ടർമാരോട് നൂപുറിനു പരിഭവം ഇല്ലെന്നും അമ്മ പറയുന്നു.