ന്യൂഡൽഹി: ഉടൻ തന്നെ സ്വിസ് ബാങ്ക് നിക്ഷേപകരുടെ പട്ടിക ഇന്ത്യയ്ക്ക് കൈമാറുന്നു. സെപ്റ്റംബർ ഒന്നാം തീയതിമുതൽ വിവരങ്ങൾ കൈമാറാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായാണ് റിപ്പോർട്ട്. രാജ്യത്തെ സ്വിസ് ബാങ്ക് നിക്ഷേപകരുടെ വിവരങ്ങൾ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസിനാണ് കൈമാറുക. ഇരുരാജ്യങ്ങളും തമ്മിൽ നടത്തിയ ചർച്ചയെ തുടർന്നാണ് നടപടി വേഗത്തിലാക്കിയത്.
ഓഗസ്റ്റ് 29,30 തീയതികളിൽ ഇരുരാജ്യങ്ങളുടേയും പ്രതിനിധികൾ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതോടെയാണ് ഇടപാടുകാരുടെ വിവരം വേഗത്തിൽ നൽകാൻ തീരുമാനമായത്. സെപ്റ്റംബർ 30നകം നൽകുമെന്നായിരുന്നു നേരത്തെയുണ്ടാക്കിയ ധാരണ.
എന്നാൽ, കഴിഞ്ഞ രണ്ടു ദിവസങ്ങളായി നടന്ന ചർച്ചയിൽ സെപ്റ്റംബർ ഒന്ന് മുതൽ രേഖകൾ നൽകാൻ തീരുമാനമാവുകയായിരുന്നു. നിക്കോളോ മരിയോ ലസ്ചർ ആണ് ചർച്ചയിൽ സ്വിസ് പ്രതിനിധി സംഘത്തെ നയിച്ചത്. സിബിഡിടി ചെയർമാൻ പിസി മോദി, അഖിലേഷ് രഞ്ജൻ എന്നിവരാണ് ഇന്ത്യയ്ക്കായി കൂടിക്കാഴ്ചയിൽ പങ്കെടുത്തത്.
സ്വിസ് ഏജൻസികളുടെ കണക്കനുസരിച്ച് ഈ വർഷം ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈമാറുന്ന 75-മത്തെ രാജ്യമാണ് ഇന്ത്യ.
Discussion about this post