ന്യൂഡൽഹി: കോൺഗ്രസ് എംപി ശശി തരൂരിനെതിരെ സുനന്ദാ പുഷ്കർ കേസിൽ ഞെട്ടിക്കുന്ന ആരോപണങ്ങൾ ഉന്നയിച്ച് പബ്ലിക് പ്രോസിക്യൂട്ടർ. തരൂരും പാകിസ്താനി മാധ്യമപ്രവർത്തക മെഹർ തരാറും ദുബായിയിൽ മൂന്നുരാത്രികൾ ഒരുമിച്ച് ചിലവിട്ടിരുന്നെന്നും ഇവരുടെ ബന്ധം അറിഞ്ഞ സുനന്ദ പുഷ്കർ അസ്വസ്ഥയായിരുന്നെന്നുമുള്ള സുനന്ദയുടെ സുഹൃത്തിന്റെ മൊഴി പബ്ലിക് പ്രോസിക്യൂട്ടർ അതുൽ ശ്രീവാസ്തവ കോടതിയിൽ വാദത്തിനിടെ ചൂണ്ടിക്കാണിച്ചു.
2014 ജനുവരി 17നാണ് ന്യൂഡൽഹിയിലെ ഹോട്ടൽ ലീലാ പാലസിലെ മുറിയിൽ സുനന്ദയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സുനന്ദയുടെ സുഹൃത്തും മാധ്യമപ്രവർത്തകയുമായ നളിനി സിങിന്റെ മൊഴിയാണ് അതുൽ കോടതിയിൽ വായിച്ചത്.
തനിക്ക് സുനന്ദയെ മൂന്നു നാലു വർഷമായി അറിയാമായിരുന്നു. ഒരുവർഷമായി സ്വകാര്യജീവിതത്തിലെ കാര്യങ്ങൾ സുനന്ദ തന്നോട് പങ്കുവെക്കാൻ ആരംഭിച്ചിരുന്നു. സുനന്ദയുടെ തരൂരുമായുള്ള ബന്ധത്തിന്റെ അവസ്ഥയെ കുറിച്ച് അവർ തുറന്നു പറയുമായിരുന്നു. തരൂരും മെഹർ തരാറും മൂന്നുരാത്രി ഒരുമിച്ച് കഴിഞ്ഞെന്നും തന്നോടു പറഞ്ഞിരുന്നു.
‘മരിക്കുന്നതിന് തൊട്ടുതലേന്ന് സുനന്ദ ഫോണിൽ വിളിച്ചിരുന്നു. തരൂരും മെഹറും പ്രണയാർദ്രമായ സന്ദേശങ്ങൾ പങ്കുവെയ്ക്കുന്നെന്നു പറഞ്ഞുകരഞ്ഞു. പൊതുതെരഞ്ഞെടുപ്പിനു ശേഷം തരൂർ സുനന്ദയിൽനിന്ന് വിവാഹമോചനം നേടിയേക്കും എന്നായിരുന്നു വിവരം. ഈ തീരുമാനത്തിന് തരൂരിന്റെ കുടുംബത്തിന്റെ പിന്തുണയുമുണ്ടായിരുന്നു’- നളിനിയുടെ മൊഴിയിൽ പറയുന്നതിങ്ങനെ.
ഡൽഹിയിലെ പ്രത്യേക സിബിഐ കോടതിയിലെ വാദത്തിനിടെയാണ് പബ്ലിക് പ്രോസിക്യൂട്ടർ ഇക്കാര്യങ്ങളിൽ വാദം നിരത്തിയത്.സുനന്ദയുടെയും തരൂരിന്റെയും മൂന്നാമത്തെ വിവാഹമായിരുന്നു ഇതെന്നും മാനസികപീഡനമാണ് സുനന്ദയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് പബ്ലിക് പ്രോസിക്യൂട്ടർ ഉയർത്തുന്ന വാദം.