നാഗ്പൂര്‍: മഹാരാഷ്ട്രയിലെ കടുവ സംരക്ഷണ മേഖലയിലെത്തിയ സന്ദര്‍ശകരുടെ വാഹനത്തിന് പിന്നാലെ ഓടുന്ന കടുവയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ചന്ദ്രപൂര്‍ ജില്ലയിലെ താഡോബ അന്ധാരി ടൈഗര്‍ റിസര്‍വിലാണ് സംഭവം. സഞ്ചാരികള്‍ എത്തിയ വാഹനത്തിന് പിന്നാലെ ചീറിയടുക്കുകയായിരുന്നു കടുവ.
കടുവ പുറകെ വരുന്നതു കണ്ട് വാഹനത്തിലുള്ളവര്‍ ഭയപ്പെട്ട് ബഹളമുണ്ടാക്കുന്നുണ്ട്. മൂന്നര വയസ് പ്രായമുള്ള ഛോട്ടി മധുവെന്ന പെണ്‍കടുവയാണ് വാഹനത്തിന്റെ പിന്നാലെയെത്തിയത്. വാഹനത്തിന്റെ ശബ്ദവും സന്ദര്‍ശകരുടെ സാന്നിധ്യവും കടുവയെ പ്രകോപിപ്പിച്ചതാകാം കാരണമെന്നാണ് വിലയിരുത്തല്‍. ഇതിനു മുമ്പും ഈ കടുവ വാഹനം കണ്ട് പ്രകോപിതയായതായി മറ്റൊരുദ്യോഗസ്ഥന്‍ അറിയിച്ചു.
അതിനുശേഷം ടൂറിസ്റ്റ് ഗൈഡുകളുടേയും ഡ്രൈവര്‍മാരുടേയും യോഗം വിളിച്ച് മുന്നറിയിപ്പ് നല്‍കിയതായും വനത്തിനുള്ളിലേക്കുള്ള റോഡിന്റെ അതിര്‍ത്തി കുറച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹാരാഷ്ട്രയില്‍ ആറ് കടുവാസംരക്ഷണ കേന്ദ്രങ്ങളുണ്ട്. ധാരാളം സന്ദര്‍ശകര്‍ ഇവിടേയ്ക്കെത്താറുണ്ട്. വീഡിയോ പുറത്തു വന്നതോടെ സംരക്ഷിത വിഭാഗത്തില്‍ പെടുന്ന കടുവകളുടെ ആവാസകേന്ദ്രത്തില്‍ സന്ദര്‍ശകരെ അനുവദിക്കരുതെന്ന ശക്തമായ ആവശ്യവുമായി പരിസ്ഥിതി സംരക്ഷകര്‍ രംഗത്തെത്തിയിട്ടുണ്ട്.