ലഖ്‌നൗ: യുപിയില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ ഏര്‍പ്പെടുത്തിയ പ്രേരണ ആപ്പിനെതിരെ അധ്യാപകരുടെ വന്‍ പ്രതിഷേധം. സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യാപകര്‍ സെല്‍ഫി എടുത്ത് ഹാജര്‍ മാര്‍ക്ക് ചെയ്യുന്ന സംവിധാനമാണ് പ്രേരണ ആപ്പ് കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. സെപ്റ്റംബര്‍ അഞ്ച് മുതലാണ് അധ്യാപകരും വിദ്യാര്‍ത്ഥികളും കൃത്യമായി സ്‌കൂളില്‍ എത്തുന്നുണ്ടോ എന്ന് ഉറപ്പ് വരുത്താന്‍ യോഗി സര്‍ക്കാര്‍ ഈ പദ്ധതി ഏര്‍പ്പെടുത്തിയത്.
എന്നാല്‍ പദ്ധതി നടപ്പിലാക്കുന്ന ഒരു ദിവസം മുമ്പ് തന്നെ ആപ്പിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ അധ്യാപകര്‍. ഒരു ദിവസം തന്നെ മൂന്ന് തവണ കുട്ടികളുമൊത്ത് സെല്‍ഫി എടുത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അയച്ച് കൊടുക്കണമെന്നാണ് അധ്യാപകര്‍ക്ക് യോഗി സര്‍ക്കാരിന്റെ ഉത്തരവ്. അതേസമയം ഈ മൊബൈല്‍ ആപ്ലിക്കേഷന്‍ അധ്യാപികമാരുടെ സ്വകാര്യതയ്ക്ക് ഭീഷണിയാണെന്നും അത് അവരുടെ മൗലികാവകാശത്തിന്റെ ലംഘനമാണെന്നും പ്രാഥമിക് ശിക്ഷാ സംഘ് വ്യക്തമാക്കി.
ചില ജില്ലകളില്‍ ഇതിനകം പരീക്ഷിച്ച ആപ്ലിക്കേഷനില്‍ തങ്ങളുടെ ഫോട്ടോഗ്രാഫുകള്‍ എങ്ങനെയൊക്കെ ഉപയോഗിക്കപ്പെടുമെന്ന ആശങ്കയും ചില അധ്യാപികമാര്‍ക്കുണ്ട്. വനിതാ അധ്യാപകരുടെ ചിത്രം ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയും ഇവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
മാത്രമല്ല ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമല്ലാത്ത അവസ്ഥ വന്നാല്‍ സെല്‍ഫി അപ്ലോഡ് ചെയ്യാന് കഴിയാത്ത സാഹചര്യമുണ്ടായാല്‍ ഹാജര്‍ എങ്ങനെ മനസിലാക്കുമെന്നും സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ അധ്യാപകര്‍ ചോദിക്കുന്നു. ഒരിക്കലും ഇത്തരമൊരു നടപടി അംഗീകരിക്കില്ലെന്നും അവര്‍ വ്യക്തമാക്കി.