ഗാസിയാബാദ്: ഭര്‍ത്താവ് തന്നെ നിരന്തരം തടിച്ചിയെന്ന് വിളിച്ച് അവഹേളിക്കുന്നതിന്റെ പേരില്‍ വിവാഹ മോചനം ആവശ്യപ്പെട്ട് യുവതി. തടിച്ചിയെന്ന് നിരന്തരം വിളിക്കുന്നത് കാരണം തനിക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടെന്നും അതുകൊണ്ട് ഈ ബന്ധത്തില്‍ ഇനിയും തുടര്‍ന്ന് പോവാന്‍ സാധിക്കില്ലെന്നും കാണിച്ചാണ് ഇരുപത്തിയേഴുകാരിയായ യുവതി ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് കോടതിയെ സമീപിച്ചിട്ടുള്ളത്.
യുവതിയുടെ പരാതി സ്വീകരിച്ച ഗാസിയാബാദ് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഉടന്‍ തന്നെ ഇരുവരുടേയും മൊഴി രേഖപ്പെടുത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 2014-ലാണ് ബിജ്നൂര്‍ സ്വദേശിയായ യുവതിയുടെ കല്യാണം മീററ്റ് സ്വദേശിയുമായ യുവാവുമായി നടന്നത്. നോയ്ഡയിലെ ഒരു സ്വകാര്യ യൂണിവേഴ്സിറ്റിയില്‍ സോഫ്റ്റ്വെയര് എന്‍ജിനീയറാണ് യുവാവ്.
2016-ല്‍ ഗാസിയാബാദിനടുത്തുള്ള ഇന്ദിരാപുരത്തേക്ക് താമസം മാറിയതിന് ശേഷമാണ് ഭര്‍ത്താവ് തന്നെ തടിച്ചിയെന്ന് വിളിച്ച് അവഹേളിക്കാന്‍ തുടങ്ങിയത് എന്നാണ് യുവതി പറയുന്നത്. ഗാസിയാബാദിലേക്ക് താമസം മാറിയതിനു ശേഷം ഭര്‍ത്താവ് പാര്‍ട്ടികളിലും മറ്റും പങ്കെടുത്തു തുടങ്ങിയെന്നും തടിച്ച ശരീരമാണ് തനിക്കുള്ളതെന്ന് പറഞ്ഞ് കൂടെക്കൂട്ടാന്‍ തയ്യാറായില്ലെന്നും യുവതി പരാതിയില്‍ പറയുന്നുണ്ട്.
ഇതിനു പുറമെ യുവതി ഏതെങ്കിലും പാര്‍ട്ടികളില്‍ പങ്കെടുക്കുന്നതും ഇയാള്‍ വിലക്കിയിരുന്നു. ആളുകളുടെ മുന്നില്‍ വെച്ചും തന്റെ ശരീരത്തെ കുറിച്ച് അവഹേളനപരമായി സംസാരിക്കാന്‍ തുടങ്ങിയെന്നും ഇനിയും ഇത് ക്ഷമിക്കാന്‍ സാധിക്കില്ലെന്നുമാണ് യുവതി പരാതിയില്‍ പറയുന്നത്. ഇതിന് പുറമെ ഭര്‍ത്താവ് മദ്യപിക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ അതിന് വിസമ്മതിച്ചതിന് മര്‍ദ്ദിച്ചിരുന്നുവെന്നും യുവതി നല്കിയ പരാതിയില്‍ ഉണ്ട്.
Discussion about this post