മുംബൈ: രാജ്യത്ത് ബാങ്കിങ് മേഖലയിൽ തട്ടിപ്പ് വർധിക്കുന്നതായി റിസർവ് ബാങ്കിന്റെ വാർഷിക റിപ്പോർട്ട്. ബാങ്കിങ് മേഖലയിലെ തട്ടിപ്പുകൾ 74 ശതമാനം വർധിച്ചെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2017-18 സാമ്പത്തിക വർഷത്തിൽ ഇത് 41,167 കോടി രൂപയുടെ തട്ടിപ്പ് എന്നത് 2018-19 സാമ്പത്തിക വർഷത്തിൽ 71,543 കോടി രൂപ ആയി ഉയർന്നെന്ന് റിപ്പോർട്ട് പറയുന്നു.
തട്ടിപ്പുകൾ നടന്ന തീയതിയും ബാങ്കുകൾ കണ്ടെത്തിയ തീയതിയും തമ്മിലുള്ള ശരാശരി കാലതാമസം 22 മാസമാണെന്നും റിസർവ് ബാങ്കിന്റെ റിപ്പോർട്ടിൽ പറയുന്നു. ബാങ്ക് വായ്പ നൽകുന്നതിൽ മുൻപന്തിയിലുള്ള ദേശസാത്കൃത ബാങ്കുകളിൽ നിന്നാണ് 2018-19 ൽ റിപ്പോർട്ട് ചെയ്യപ്പെട്ട വഞ്ചനകളുടെ ഭൂരിഭാഗവും. സ്വകാര്യമേഖലാ ബാങ്കുകളും വിദേശ ബാങ്കുകളും ഇവയ്ക്കും പിന്നിലാണെന്നും റിസർവ് ബാങ്കിന്റെ റിപ്പോർട്ടിൽ പറയുന്നു.
2018-19 ലെ തട്ടിപ്പുകളുടെ മൊത്തം മൂല്യത്തിന്റെ 0.3 ശതമാനം മാത്രമാണ് കാർഡ്/ഇന്റർനെറ്റ് ബാങ്കിങ്, നിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ. 2018-19 ലെ വർഷത്തെ തട്ടിപ്പുകളിൽ പണം നഷ്ടപ്പെട്ടിരിക്കുന്നതിൽ സിംഹഭാഗവും വായ്പകളുമായി ബന്ധപ്പെട്ട തട്ടിപ്പുകളിൽ നിന്നാണ്. അതേസമയം ഓഫ് ബാലൻസ് ഷീറ്റ് ഇനങ്ങളിലെ തട്ടിപ്പുകളുടെ പങ്ക് ഒരു വർഷം മുമ്പത്തേതിൽ നിന്ന് കുറയുകയാണ് ചെയ്തത്. 72 വഞ്ചന കേസുകൾ, വ്യാജരേഖ ചമക്കൽ കേസുകൾ എന്നിവയാണ് തട്ടിപ്പുകളിലെ പ്രധാനപ്പെട്ടവ, പിന്നാലെ ദുരുപയോഗവും, ക്രിമിനൽ വിശ്വാസ ലംഘനവും ഉണ്ട്.
ഒരു ലക്ഷം രൂപയിൽ താഴെയുള്ള തട്ടിപ്പുകൾ മൊത്തം തട്ടിപ്പിന്റെ 0.1 ശതമാനം മാത്രമാണെന്നും റിസർവ് ബാങ്ക് റിപ്പോർട്ടിൽ പറയുന്നു.
Discussion about this post