ജാംനഗര്‍: ഗുജറാത്തില്‍ കച്ച് മേഖലയിലെ തുറമുഖങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കനത്ത ജാഗ്രതാ നിര്‍ദേശം നല്കി. ഹറാമി നാലാ ഉള്‍ക്കടല്‍ വഴി ഗുജറാത്ത് കച്ച് മേഖലയില്‍ പാകിസ്താനില്‍ നിന്ന് പരിശീലനം നേടിയ കമാന്‍ഡോകള്‍ നുഴഞ്ഞ കയറിയെന്ന് സൂചനയെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ഹറാമി നാലാ സമുദ്ര മേഖലയില്‍ രണ്ട് പാകിസ്താനി ബോട്ടുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് ബിഎസ്എഫ് ഇന്റലിജന്‍സ് ഏജന്‍സികളെ അടക്കം വിവരമറിയിച്ചത്.
പാകിസ്താനില്‍ നിന്നും വിദഗ്ധ പരിശീലനം നേടിയ സായുധധാരികളാണ് നുഴഞ്ഞു കയറിയിരിക്കുന്നതെന്നാണ് സാധ്യത. ഗുജറാത്തില്‍ പ്രധാനമായും ആറ് തുറമുഖങ്ങളാണുള്ളത്. ഇവയില്‍ പ്രധാനപ്പെട്ട രണ്ടു തുറമുഖങ്ങള്‍ക്കാണ് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഷിപ്പിങ് ഏജന്റുമാര്‍ക്കും തീരപ്രദേശത്തും, തീരത്തും നിര്‍ത്തിയിട്ടിരിക്കുന്ന എല്ലാ കപ്പലുകള്്കകും കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ബര്‍ത്ത് ബുക്കിങുകള്‍ നിരീക്ഷിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പ്രദേശത്തുള്ള സ്വകാര്യ തുറമുഖങ്ങള്‍ക്കും എണ്ണക്കമ്പനികളുള്‍പ്പടെയുള്ളവയ്ക്കും സുരക്ഷാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. നാവിക, വ്യോമസേനകള്‍ ഈ പ്രദേശത്ത് കനത്ത നിരീക്ഷണം നടത്തുന്നുണ്ട്. ഹറാമി നാല ഉള്‍ക്കടല്‍ മേഖലയില്‍ പല തവണ ഇത്തരത്തില്‍ ഭീഷണി നേരിട്ടിട്ടുണ്ട്.
സംശയാസ്പദമായി എന്ത് സംഭവമുണ്ടായാലും തൊട്ടടുത്ത തീരദേശ സേനാ സ്റ്റേഷനിലോ, മറൈന്‍ പോലീസ് സ്റ്റേഷനിലോ, തുറമുഖ നിയന്ത്രണ കേന്ദ്രത്തിലോ അറിയിക്കണമെന്ന് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കിട്ടുണ്ട്.
Discussion about this post